KeralaNews

അരുണാചലിലെ ‘സീറോ’യില്‍ ഈസ്റ്റര്‍ ദിനത്തില്‍ ആഭിചാര കണ്‍വന്‍ഷന്‍,ആര്യയെ കുരുക്കിയതോയെന്ന് സംശയം, ഇമെയിൽ ചാറ്റുകൾ പൊലീസ് കണ്ടെത്തി

തിരുവനന്തപുരം: സാത്താന്‍ സേവ സംഘം ഒരുക്കിയ കെണിയില്‍ ആര്യ വീഴുകയായിരുന്നോ? അപകടം മനസിലാക്കി ആര്യയെ സംഘത്തില്‍ നിന്നു മോചിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പാളിയതാണോ മരണത്തിലേക്ക് എത്തിച്ചത്. അരുണാചല്‍ പ്രദേശില്‍ ദമ്പതികളും യുവതിയും മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട റാക്കറ്റുകള്‍ നാട്ടിലാകെ വലവിരിച്ചിട്ടുണ്ടോ എന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പിതാവ് അനില്‍കുമാര്‍ പൊതുപ്രവര്‍ത്തകനാണെങ്കിലും ആര്യ നാട്ടുകാര്‍ക്ക് സുപരിചിതയായിരുന്നില്ല. അന്തര്‍മുഖയായിരുന്ന ആര്യയുടെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരിക്കാം ഒരുപക്ഷെ സാത്താന്‍സേവയിലേക്ക് എത്തിക്കാന്‍ സംഘത്തെ സഹായിച്ചതെന്നാണ് കരുതുന്നത്.

ഒടുവില്‍ ആര്യ വിവാഹത്തിന് തയ്യാറായി നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം. ആര്യക്ക് ദേവിയും നവീനുമായി ബന്ധമുള്ളതും ഇവര്‍ക്ക് സാത്താന്‍ സേവയുണ്ടെന്നും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതു മനസിലാക്കിയ ആര്യയുടെ വീട്ടുകാര്‍ സ്‌കൂളില്‍ നിന്നും അവധിയെടുപ്പിച്ച് ആര്യയെ കൗണ്‍സിലിങ്ങിനു കൊണ്ടുപോയി.

ആര്യയെന്ന അധ്യാപികയെ കുറിച്ച് ലക്കോള അധികൃതര്‍ക്കും മികച്ച അഭിപ്രായമാണുള്ളത്. കൗണ്‍സിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായും ആര്യ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഇതിനിടെ തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി. അവിടെവച്ച് മനസ് മാറുന്നതോടെയാണ് ആര്യ കല്യാണത്തിന് സമ്മതിക്കുന്നത്. അതുവരെ കല്യാണം വേണ്ടെന്ന നിലപാടായിരുന്നു ആര്യയ്ക്ക്.

ഇതിനിടെ ആര്യ എങ്ങനെ വീണ്ടും നവീന്റെ വലയിലായി എന്നതാണ് ബന്ധുക്കള്‍ക്ക് മനസിലാകാത്തത്. ആര്യയുടെ കല്യാണം ഉറപ്പിച്ചതോടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ പോകുന്നുവെന്ന് മനസിലാക്കിയ നവീനും ദേവിയും തങ്ങളുടെ ദൗത്യം വേഗത്തില്‍ നിറവേറ്റാനുള്ള നീക്കം തുടങ്ങിയതായാകാം എന്നാണ് ഇവരുടെ ഭാഷ്യം. നാലു മാസം മുന്‍പ് ആര്യയുടെ അച്ഛന്റെ വീട്ടുകാരുടെ കുടുംബസംഗമത്തില്‍ ആര്യ പങ്കെടുത്തിരുന്നു.

സന്തോഷവതിയായിരുന്നു ആര്യ. വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാര്‍. കല്യാണത്തിനായുള്ള ഒരുക്കങ്ങളില്‍ വീട്ടുകാര്‍ക്കൊപ്പം സജീവമായി ആര്യയുമുണ്ടായിരുന്നു. കല്യാണക്ഷണം അവസാനഘട്ടത്തിലായിരുന്നു. ആര്യയുടെ അച്ഛന്‍ അനില്‍കുമാറിന്റെ ചില ബന്ധുക്കളെ മാത്രമാണ് കല്യാണം വിളിക്കാന്‍ ശേഷിച്ചിരുന്നത്.

കല്യാണത്തിന് ആവശ്യമായ സ്വര്‍ണവും സാരിയുമെല്ലാം വീട്ടുകാര്‍ എടുത്തിരുന്നു. ആര്യയുടെ ഇഷ്ടാനുസരണമാണ് എല്ലാം നടത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. മാര്‍ച്ച് 27ന് കാണാതാവുന്നതിനു മുന്‍പു വരെയും സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കള്‍ ഓര്‍മിക്കുന്നു.

സിറോയില്‍ ആഭിചാരം നടത്തുന്നവരുടെ കണ്‍വന്‍ഷന്‍ ആര്യ, ദേവി, നവീന്‍ എന്നിവരുടെ ഇമെയില്‍ ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. 2021 മുതലുള്ള ഇമെയില്‍ ചാറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് പൊലീസ് പറയുന്നത്. നാലു വര്‍ഷമായി ഇവര്‍ക്ക് പരസ്പരം പരിചയമുണ്ട്.

അതേസമയം, ഇവര്‍ മരണത്തിന് തിരഞ്ഞെടുത്ത അരുണാചല്‍ പ്രദേശിലെ സിറോയില്‍ ആഭിചാരം നടത്തുന്നവരുടെ കണ്‍വെന്‍ഷന്‍ നടന്നിരുന്നുവെന്നും ഇവര്‍ അതില്‍ പങ്കാളികളായി എന്നും വിവരമുണ്ട്. ഈസ്റ്റര്‍ ദിവസം രാത്രി മരണത്തിനായി മനഃപൂര്‍വം തിരഞ്ഞെടുത്തതാണ്. ഹോട്ടലിലെത്തി ആദ്യ മൂന്നുദിവസങ്ങളില്‍ ആര്യയും നവീനും ആര്യയും പുറത്തുപോയിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നുണ്ട്. ഇത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോയതാകാമെന്നാണ് പൊലീസ് സംശയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker