FeaturedHome-bannerNationalNews

അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍; വിനോദ് താവ്ഡെയുടെ കയ്യില്‍ പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും; മഹാരാഷ്ട്രയില്‍ നാടകീയ സംഭവങ്ങള്‍

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അഞ്ച് കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ വിനോദ് താവ്‌ഡെയെയാണ് മുംബൈ വിരാറിലെ ഒരു ഹോട്ടലില്‍നിന്ന് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ പിടികൂടിയത്.

പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്ഡെയില്‍ നിന്ന് കണ്ടെത്തിയെന്നാണ് ആരോപണം. ഇത്തരത്തില്‍ രണ്ട് ഡയറികള്‍ കണ്ടെത്തിയെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ഇതിനെ കുറിച്ച് ഡയറിയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പണവിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്. തുടര്‍ന്ന് വിനോദ് താവ്ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

പ്രവര്‍ത്തകര്‍ ബാഗില്‍ നിന്ന് നോട്ട് കെട്ടുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പൊലീസ് എത്തി വിനോദ് താവ്‌ഡെയെ സ്ഥലത്ത് നിന്ന് മാറ്റി. നല സോപാരയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ രാജന്‍ നായിക്ക് വോട്ടര്‍മാര്‍ക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനോദ് താവ്ഡെയെ പോലുള്ള മുതിര്‍ന്ന ദേശീയ നേതാക്കള്‍ ഉള്‍പ്പടെ ഇതില്‍ നേരിട്ട് പങ്കാളികളാവുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

താവ്ഡെയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ 15 കോടി രൂപ വിതരണം ചെയ്യുന്നതായി പരാമര്‍ശിക്കുന്ന ഡയറി ഉണ്ടായിരുന്നുവെന്നും വിരാറിലെ ബിവിഎ എംഎല്‍എ ഹിതേന്ദ്ര താക്കൂര്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് പരസ്യ പ്രചാരണം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷം വിരാറില്‍ താവ്‌ഡെ തുടരുകയായിരുന്നുവെന്നാണ് ബിവിഎ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികളും നേരിട്ടെത്തി താവ്ഡയെ കസ്റ്റഡിയില്‍ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്‍.സി.പി നേതാവ് സുപ്രിയ സുലേയും ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. നോട്ട് നിരോധനം നടപ്പിലാക്കിയ ബി.ജെ.പി തന്നെയാണ് മഹാരാഷ്ട്രയില്‍ കോടികള്‍ ഒഴുക്കുന്നത്. എവിടെ നിന്നാണ് ഇത്രയും പണം വരുന്നത്. താവ്ഡെയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിന്റെ ഭാഗമാവുന്നത് ഞെട്ടിക്കുന്നതാണെന്നും സുലേ പറഞ്ഞു.

അതേസമയം ബി.ജെ.പി നേതൃത്വം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബഹുജന്‍ വികാസ് അഘാഡിയുടെ നാടകമാണിതെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് താവ്ഡെ ഹോട്ടലിലെത്തിയതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പടെ പരിശോധിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ പ്രധാന നേതാവായ വിനോദ് താവ്ഡെ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനിയാണ്.

ബിജെപിയുടെ മുന്‍ മന്ത്രിയായ താവ്‌ഡെ ബിഹാറിന്റെ ചുമതലയുള്ള ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാണ്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. വിനോദ് താവ്ഡെ ദേശീയ ജനറല്‍ സെക്രട്ടറിയാണെന്നും അദ്ദേഹം വാര്‍ഡ് തലങ്ങളില്‍ പണം വിതരണം ചെയ്യാന്‍ പോകുമോയെന്നുമാണ് ബിജെപി കേന്ദ്രങ്ങള്‍ ചോദിക്കുന്നത്.

പുറത്തുവന്ന വിവരങ്ങള്‍ അസംബന്ധമാണെന്നും മഹാരാഷ്ട്ര ബിജെപി നേതൃത്വം പ്രതികരിച്ചു. പരാജയ ഭയം നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സൃഷ്ടിച്ച തെറ്റായ വാര്‍ത്തയാണ് ഇതെന്നും ആരോപണങ്ങളെ തള്ളിക്കൊണ്ട് ബിജെപി നേതാവ് അതുല്‍ ഭട്ഖല്‍ക്കര്‍ പറഞ്ഞു. ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker