അപര സ്ഥാനാര്‍ത്ഥികള്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കിയ സംഭവം; ബി.ജെ.പി ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവന്തപുരം കോര്‍പ്പറേഷനില്‍ അപര സ്ഥാനാര്‍ത്ഥികള്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കിയ സംഭവത്തില്‍ ബി.ജെ.പി ഹൈക്കോടതിയിലേക്ക്. ചിഹ്നം പിന്‍വലിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.
ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കുകയും അവരുടെ പേരുകള്‍ അടുത്തടുത്ത് വരികയും ചെയ്തതോടെയാണ് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്. താമര ചിഹ്നത്തിന് സമാനമായ മറ്റൊരു ചിഹ്നം അപരന്‍മാര്‍ക്ക് നല്‍കുന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് ബിജെപിയുടെ ആരോപണം. അപരന്മാര്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഇനി മാറ്റാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. പഞ്ചായത്തി രാജ് നിയമമനുസരിച്ച് ആല്‍ഫബറ്റിക്ക് ഓര്‍ഡര്‍ പ്രകാരമാണ് സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചിരിക്കുന്നതെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടമാണ് ബിജെപി കാഴ്ച വയ്ക്കുന്നത്. മുതിര്‍ന്ന നേതാക്കളെയടക്കം മത്സര രംഗത്തിറക്കി കോര്‍പ്പറേഷന്‍ പിടിക്കാനാണ് ബിജെപിയുടെ ശ്രമം.