25.3 C
Kottayam
Tuesday, May 14, 2024

‘ശ്രീനാരായണ ഗുരുവിനെ ഹിന്ദുസന്യാസിയാക്കി ബി.ജെ.പി, വിവാദമായതോടെ വിശദീകരണവുമായി നേതാക്കൾ

Must read

കോട്ടയം: ശ്രീനാരായണ ​ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ച് പാർട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവെച്ചത് വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി നേതാക്കൾ. ശ്രീനാരായണ ഗുരുവിനെ ആരും ചുവപ്പ് ഉടുപ്പിക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.

നാരായണ​ഗുരുവിനെ കാവിയുടുപ്പിച്ചെന്ന് പറഞ്ഞ് അനാവശ്യ വിവാദമുണ്ടാക്കുകയാണ്. ഗുരുദേവനെ കേവലം സാമൂഹിക പരിഷ്‌കർത്താവ് ആക്കേണ്ടെന്നും ഇരുവരും പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിൻ്റെ പ്രണാമം’ എന്നാണ് ബിജെപി കേരളം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരു ആർഷഭാരതത്തിന്റെ പരമ ഗുരുവാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും ഫേസ്ബുക്കിൽ കുറിച്ചു.

ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. സനാതന ധർമ്മവിശ്വാസികളായ സന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതൽ ശ്രമിച്ചിട്ടുണ്ട്. നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചു എന്നും കൃഷ്ണദാസ് പറഞ്ഞു.

ഭാരതത്തിന്റെ ആർഷ പാരമ്പര്യം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സർവാശ്ലേഷിയായ പ്രത്യയശാസ്ത്രമാണ്. വസുധൈവ കുടുംബകമെന്നും വിശ്വംഭവത് ഏക നീഢം എന്നും ലോക സമസ്ത സുഖിനോ ഭവന്തുവെന്നും പ്രഖ്യാപിച്ച അദ്വൈത പാരമ്പര്യത്തിൽ നിന്നാണ് ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ ചിന്തകൾ ഊതികാച്ചിയെടുത്തത്. അദ്വേഷ്ടാ സർവ ഭൂതാനാം എന്ന ഗീതാവാക്യം തന്നെയാണ് ഒരു പീഡയുറുമ്പിനും വരാ എന്ന അനുകമ്പാ ദശകത്തിൽ പറയുന്നത്.

അഹം ബ്രഹ്മാസ്മിയെന്ന ഉപനിഷത് മഹാവാക്യത്തിൽ വിശ്വസിക്കുന്ന ഒരു ഹിന്ദു സന്യാസിയ്ക്ക് മാത്രമേ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാ പ്രഖ്യാപനം നടത്താനാകൂ.

സ്വാമി വിവേകാനന്ദന്റെ നിർദ്ദേശ പ്രകാരമാണ് ഡോ: പൽപു ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി സ്ഥാപനത്തിനായി സമീപിച്ചതെന്നതും ചരിത്രം. ശ്രീനാരായണ ഗുരുവിന്റെ പുരോഗമന ചിന്തകൾ തികച്ചും ഭാരതീയമായിരുന്നു അതിന് കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല’, പി കെ കൃഷ്ണദാസ് കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week