ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്ത് ബിജെപി ഇതിനോടകം 40 സീറ്റില്‍ മുന്നിലാണ്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പര്‍വേശ് വര്‍മയും കൈലാഷ് ഗെലോട്ടും മുന്നിട്ട് നില്‍ക്കുന്നു.
എ.എ.പിയുടെ നേതൃനിര ഒന്നാകെ കടുത്ത വെല്ലുവിളി നേരിടുന്നു. മുഖ്യമന്ത്രി അതീഷിയും എ.എ.പിയുടെ മുഖമായ കെജ് രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ ചെറിയ വോട്ടിനാണെങ്കിലും തുടക്കത്തില്‍ പിന്നിലാണ്. എ.എ.പിയുടെ വോട്ടുബാങ്കായിരുന്ന മധ്യവര്‍ഗം അവരെ കൈവിടുന്നതിന്റെ സൂചനയാണ് ലീഡില്‍ തെളിയുന്നത്. കഴിഞ്ഞ രണ്ട് തവണയും വട്ടപൂജ്യമായിരുന്ന കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ലീഡ് നില ബിജെപി നിലനിര്‍ത്തിയാല്‍ എഎപി യുഗത്തിന്റെ അവസാനം കൂടിയായേക്കുമത്
19 എക്സിറ്റ് പോളുകളില്‍ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. യമുനാ നദിയിലെ മലിനീകരണം എ.എ.എപിക്ക് തിരിച്ചടിയായപ്പോള്‍ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനം ബി.ജെ.പിക്ക് അനുകൂലമാകുകയാണ്. ദേവ്ളിയിലും മാളവ്യനഗറിലും കോണ്‍ഗ്രസ് മുന്നേറ്റമാണ് നിലവിലുള്ളത്.
60.54% പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020-ല്‍ 62 സീറ്റ് നേടിയാണ് എ.എ.പി അധികാരത്തിലേറിയത്. അന്ന് എട്ട് സീറ്റില്‍ മാത്രമായിരുന്നു ബി.ജെ.പി വിജയിച്ചത്. 2015-ലും ഇത് തന്നെയായിരുന്നു അവസ്ഥ. അന്ന് എ.എ.പി 67 സീറ്റ് വിജയിച്ചപ്പോള്‍ ബി.ജെ.പി നേടിയത് മൂന്ന് സീറ്റ് മാത്രമാണ്.