ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പി.യുടെ സാമ്പത്തികവിഭാഗം അധ്യക്ഷന്‍ എം.എസ്. ഷായെ പോക്‌സോകേസില്‍ അറസ്റ്റുചെയ്തു. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
സ്‌കൂള്‍വിദ്യാര്‍ഥിനിയായ മകളുടെ ഫോണിലേക്ക് ഷാ തുടര്‍ച്ചയായി അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്നും ലൈംഗികപീഡനത്തിന് ശ്രമിച്ചെന്നും കാണിച്ച് അച്ഛന്‍ കഴിഞ്ഞവര്‍ഷം പോലീസില്‍ പരാതിനല്‍കിയിരുന്നു. ഷായുമായി അടുപ്പമുള്ള തന്റെ ഭാര്യ ഇതിനുവേണ്ട സഹായം ചെയ്തുകൊടുത്തെന്നും പരാതിയില്‍പറയുന്നുണ്ട്.
പോലീസ് കേസെടുത്തപ്പോള്‍ അതിനെതിരേ ഷാ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഹര്‍ജി നല്‍കി. എന്നാല്‍, നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി പോലീസിന് അനുമതിനല്‍കി.
ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ അമ്മയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സാമ്പത്തികസഹായം നല്‍കിയും ഉപഹാരങ്ങള്‍ നല്‍കിയുമാണ് ഷാ തന്റെ ഭാര്യയുമായി അടുത്തതെന്ന് പരാതിക്കാരന്‍ പറയുന്നു.