മദ്യനയക്കേസില്‍ മാപ്പ് സാക്ഷി വാങ്ങിയ ഇലക്ടറൽ ബോണ്ട് കിട്ടിയത് ബി.ജെ.പിക്ക്;ആരോപണവുമായി എഎപി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ മാപ്പ് സാക്ഷിയായി മാറിയ ശരത് ചന്ദ്ര റെഡ്ഡിയും അദ്ദേഹത്തിന്റെ സ്ഥാപനമായ അര്‍ബിന്തോ ഫാര്‍മസിയും ചേര്‍ന്ന് 59.5 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നും ഇത് ബി.ജെ.പിക്കാണ് ലഭിച്ചതെന്നും എ.എ.പി. വക്താവും മന്ത്രിയുമായ അതിഷി മര്‍ലിന.
കേസില്‍ 2022 നവംബര്‍ ഒന്നിനാണ് അര്‍ബിന്തോയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പിന്നീട് പ്രതിയാക്കി ഒടുവില്‍ അയാളെ മാപ്പ് സാക്ഷിയാക്കിയെന്നും എ.എ.പി. വക്താവ് അതിഷി മര്‍ലീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ ഇലക്ടറല്‍ ബോണ്ട് ബി.ജെപി.ക്ക് സംഭാവനയായി നല്‍കിയത്. ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റെന്നും അതിഷി ചൂണ്ടിക്കാട്ടി. എ.എ.പിയുമായും അരവിന്ദ് കെജ്‌രിവാളുമായും ഒരു ബന്ധവുമില്ലെന്നായിരുന്നു ആദ്യം ശരത് ചന്ദ്ര റെഡ്ഡി പറഞ്ഞത്. ജയിലില്‍ കിടന്നതോടെ നിലപാട് മാറ്റി.
ഇതിന് ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡിക്ക് ജാമ്യം ലഭിച്ചത്. മദ്യ നയത്തിലെ പണം ആര് ആര്‍ക്ക് നല്‍കിയെന്നതിന്റെ തെളിവ് പുറത്തുവിടണമെന്നും അതിഷി ആവശ്യപ്പെട്ടു. ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍ നിര്‍ത്തി ആംആദ്മിയെ ബി.ജെ.പി കുടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എ.എ.പിയുടെ ഒരു നേതാവിന്റേയും വീട്ടില്‍ നിന്ന് ഒരു തെളിവും പിടിച്ചെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ശരത് ചന്ദ്ര റെഡ്ഡി അഞ്ച് കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടും,അര്‍ബിന്തോ ഫാര്‍മ 52 കോടിയുടെ ഇലക്ടറര്‍ ബോണ്ട് വാങ്ങിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട രേഖകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 52 കോടിയില്‍ 34.5 കോടി രൂപ ബി.ജെ.പിക്കാണ് ലഭിച്ചത്.
രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്കുദേശം പാര്‍ട്ടിക്ക് 2.5 കോടിയും നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2023 ജൂണ്‍ ഒന്നിനായിരുന്നു കേസില്‍ ശരത് ചന്ദ്ര റെഡ്ഡിയെ മാപ്പ് സാക്ഷിയാക്കിയത്.