KeralaNews

വനംകൊള്ളക്കെതിരായ ബി.ജെ.പി പ്രതിഷേധത്തിൽ ഡി.വൈ.എഫ്.ഐ പോസ്റ്റർ,ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: വനംകൊള്ളക്കെതിരെ ആറ്റിങ്ങലില്‍ ബിജെപി നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. ബിജെപി അംഗങ്ങള്‍ക്ക് പറ്റിയ അമളിയെ പരിഹസിച്ചാണ് തോമസ് ഐസക് പ്രാദേശിക ചാനലിന്റെ വാര്‍ത്തയും കുറിപ്പും
പോസ്റ്റ് ചെയ്തത്. വനംകൊള്ളക്കെതിരെ നടന്ന സമരത്തില്‍ പെട്രോള്‍ വില വര്‍ധനക്കെതിരെ ഡിവൈഎഫ്‌ഐ തയ്യാറാക്കിയ പോസ്റ്റര്‍ പിടിച്ച് പ്രവര്‍ത്തക പങ്കെടുത്തതാണ് ട്രോളിന് ഇരയായത്.

ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് ബിജെപി സമരം സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് വനിതാ പ്രവര്‍ത്തകരടക്കം പത്തോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. ഇതില്‍ ഒരു പ്രവര്‍ത്തക പിടിച്ച പ്ലക്കാര്‍ഡില്‍ പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡിവൈഎഫ്‌ഐ എന്നാണ് ഉണ്ടായിരുന്നത്. മറ്റ് പ്രവര്‍ത്തകര്‍ അബദ്ധം ശ്രദ്ധയില്‍പ്പെടുത്തിയതോടെ വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി

ഡിവൈഎഫ്‌ഐയുടെ ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് ഉറപ്പാണെന്നും പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.

ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും തോമസ് ഐസക് എഴുതി.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…

ആറ്റിങ്ങലിൽ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്ക്കെതിരെയാണ് പ്ലക്കാർഡ്. ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.

ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്.

ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker