കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് ബാധിച്ചുവെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന സംശയം ബലപ്പെടുന്നു. കൊവിഡ് ബാധിച്ച ഫ്രാങ്കോ ഇപ്പോഴും താമസിക്കുന്നത് ബിഷപ് ഹൗസില്‍. 82 വയസ്സുള്ള അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആഗ്നെലോ ഗ്രേഷ്യസും പതിനഞ്ചോളം വൈദികരും താമസിക്കുന്ന ബിഷപ് ഹൗസില്‍ യാതൊരു വിധ നിയന്ത്രണങ്ങളുമില്ല. ബിഷപ് ഹൗസ് ഇതുവരെ അണുവിമുക്തവുമാക്കിയിട്ടില്ല.
കൊവിഡ് ബാധിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന മാനദണ്ഡവും പാലിച്ചിട്ടില്ല. കൊവിഡുള്ള ഫ്രാങ്കോ താമസിക്കുന്ന ഹൗസ് ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റുന്നതിന് പകരം രൂപതയുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളും ഇവിടെ നടക്കുന്നുണ്ട്. നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ദിവസവും ഇവിടെ എത്തുന്നുണ്ടെന്നാണ് വിവരം.
ഹൗസില്‍ താമസിക്കുന്ന വൈദികര്‍ പുറത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്നുമുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ സെക്രട്ടറിയായ വൈദികനുള്‍പ്പെടെയുള്ളവര്‍ ഇന്നു രാവിലെ വരെ സമീപത്തുള്ള കോണ്‍വെന്റുകളില്‍ കുര്‍ബാന അര്‍പ്പിച്ചു. രൂപതയിലെ വിവിധ സൊസൈറ്റികളുടെ ചെയര്‍മാന്‍ ഇപ്പോഴും ബിഷപ് ഫ്രാങ്കോ തന്നെ ആയതിനാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പലരും ഹൗസില്‍ എത്തുന്നുമുണ്ട്.
തന്റെ അഭിഭാഷകനു കൊവിഡ് ബാധിച്ചിരുന്നുവെന്നും അദ്ദേഹത്തെ സന്ദര്‍ശിച്ചതില്‍ നിന്ന് തനിക്കും കൊവിഡ് ബാധിച്ചുവെന്നുമാണ് ബിഷപ് ഫ്രാങ്കോ പറഞ്ഞിരുന്നത്. കൊവിഡ് സ്ഥിരീകരിക്കുന്ന പരിശോധനാ ഫലങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫ്രാങ്കോയ്ക്കൊപ്പം അഭിഭാഷകനെ കാണാന്‍ പോയ വൈദികനു കൊവിഡില്ല. അദ്ദേഹം സ്വതന്ത്രനായി സഞ്ചരിക്കുന്നുമുണ്ട്.
എന്നാല്‍ ഫ്രാങ്കോ ടെസ്റ്റ് നടത്തിയ സിവില്‍ ആശുപത്രിയില്‍ ഏറ്റവും അടിയന്തര ഘട്ടത്തിലുള്ളവര്‍ക്ക് മാത്രമാണ് പരിശോധന നടത്തുന്നത്. വളരെ തിരക്കുള്ള ആശുപത്രി ആയതിനാല്‍ ഗുരുതരാവസ്ഥയില്‍ എത്തുന്നവര്‍ക്ക് മാത്രമാണ് ഇവിടെ ടെസ്റ്റ് നടത്തുന്നെതന്നാണ് അവിടവുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ടെസ്റ്റു നടത്തിയെന്ന് പറയുന്ന ആശുപത്രിയിലെ ഡോക്ടറുമായി ഒരു പഞ്ചാബി മാധ്യമം നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ടെസ്റ്റ് തന്നെ വ്യാജമാണെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
മെഡിക്കല്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ കോടതിയില്‍ ഹാജരാക്കിയത് എസ്.ബി.എല്‍.എസ് താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഒ.പി വിഭാഗം സ്ലിപ്പാണ്. ട്രൂനാറ്റ് ടെസ്റ്റിനു വേണ്ടിയുള്ള ഡോക്ടര്‍ റഫര്‍ ചെയ്ത സ്പെസിമെന്‍ റഫറല്‍ ഫോമാണ് കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു രേഖ. അടിയന്തര സാഹചര്യത്തില്‍ മാത്രം നടത്തുന്ന ട്രൂനാറ്റ് ടെസ്റ്റിന് ചികിത്സിക്കുന്ന ഡോക്ടറുടെ റഫറല്‍ ലെറ്റര്‍ നിര്‍ബന്ധമാണ്.
അതേസമയം ആറാം തീയതി ബിഷപ് ഫ്രാങ്കോ പിസിഎല്‍ ടെസ്റ്റ് നടത്തിയിരുന്നുവെന്നും അതിന്റെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ജലന്ധര്‍ ജില്ലാ ആശുപത്രി മേധാവി ഡോ.ഹരീന്ദര്‍പാല്‍ സിംഗ് എസ്.ഒ.എസ്. നല്‍കിയ പരാതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ബിഷപ് ഫ്രാങ്കോ കോടതിയില്‍ മറച്ചുവച്ചു. മാത്രമല്ല, മൈക്രോബയോളജി ലാബില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ആല്‍ഫ്രഡ് ആണ് ഡോ.ടാര്‍സം ലാലിന്റെ പേരില്‍ റഫറല്‍ ലെറ്റര്‍ കൊടുത്തതെന്ന് സംശയമുണ്ടെന്നും നടപടിയെടുക്കാതിരിക്കാന്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഡോ.ഹരീന്ദര്‍പാല്‍ സിംഗ് പറഞ്ഞിരുന്നു.