തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിച്ച് ബിരിയാണി വിതരണം നിര്‍ത്തി! ഹോട്ടല്‍ ഉടമകള്‍ക്ക് വന്‍ നഷ്ടം
ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്താല്‍ പ്രചാരണ സമയത്ത് ഏറ്റവും കൂടുതല്‍ കാണുന്ന ഒന്നാണ് ബിരിയാണി. നല്ല ഒന്നാന്തരം ബിരിയാണി വിളമ്പുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം ആവേശമായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോഴും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ വേളയിലും ബിരിയാണിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
എന്നാല്‍, ഇത്തവണ തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ബിരിയാണി ഓര്‍ഡറുകള്‍ വളരെ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഭക്ഷണത്തിനുള്‍പ്പെടെ സ്ഥാനാര്‍ത്ഥികള്‍ വിനിയോഗിക്കുന്ന ചെലവ് കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
ഏകദേശം 20 ലേറെ വര്‍ഷം മുമ്പാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിരിയാണി നല്‍കുന്ന രീതി ആരംഭിച്ചത്. പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനുള്ള മീറ്റിംഗുകളില്‍ നിന്ന് തുടങ്ങും. ചില സ്ഥാനാര്‍ത്ഥികളാകട്ടെ ബിരിയാണി പൊതികള്‍ വിതരണം ചെയ്യുകയും ചെയ്യും. പൊരിവെയിലത്ത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണം പ്രധാനമായും ബിരിയാണിയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിരിയാണി പൊതികളുടെ വില്പനയില്‍ പ്രകടമായ ഇടിവുണ്ടായെന്ന് ഹോട്ടലുടമകള്‍ പറയുന്നു. സാധാരണ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ബിരിയാണിക്ക് ആവശ്യക്കാരുണ്ടായിരുന്നു.
നൂറിലധികം ബിരിയാണി പൊതികള്‍ക്ക് ഓര്‍ഡര്‍ ചെയ്താല്‍ വിവരങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതായി കടയുടമകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ചെലവ് കൂടുമെന്ന് ഭയന്ന് സ്ഥാനാര്‍ത്ഥികളും പരമാവധി നിയന്ത്രണങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ പ്രതിദിനം 800 മുതല്‍ 1,000 വരെ ചിക്കന്‍ ബിരിയാണി പൊതികള്‍ ഓര്‍ഡര്‍ ലഭിച്ചിരുന്ന ഹോട്ടലുകള്‍ വരെ തമിഴ്‌നാട്ടിലുണ്ട്. ഇപ്പോള്‍ പ്രാചരണത്തിനിടെ ഏതെങ്കിലും ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ തന്നെ ലളിതമായ രീതിയില്‍ മറ്റുള്ളവര്‍ക്കുള്ള ഭക്ഷണം ഏര്‍പ്പാടാക്കുന്ന രീതിയാണ് ചില പാര്‍ട്ടികള്‍ അവലംബിക്കുന്നത്.