ബിരിയാണി കഴിച്ചാല്‍ കുട്ടികളുണ്ടാകില്ല! തമിഴ്നാട്ടില്‍ പുതിയ പ്രചാരണം; പിന്നില്‍ തീവ്ര ഹിന്ദുത്വ വാദികളെന്ന് ആരോപണം
ചെന്നൈ: ഗോവധ നിരോധനം, ഹലാല്‍ ഭക്ഷണം എന്നീ വിവാദങ്ങള്‍ക്ക് പിന്നാലെ, പുതിയ പ്രചാരണവുമായി ഒരു സംഘം. ബിരിയാണിയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ അടങ്ങിയിട്ടുണ്ടെന്നും, ഇവ കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നുമാണ് പുതിയതായി ഉയരുന്ന പ്രചാരണം. തമിഴ്നാട്ടിലെ ചെന്നൈയില്‍ ആണ് സംഭവം. തീവ്ര ഹിന്ദുത്വ വാദികളാണ് ഇത്തരം വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് ചെന്നൈ നഗരത്തിലെ മുസ്ലീം കച്ചവടക്കാര്‍ ആരോപിക്കുന്നു.
20.8K അനുയായികളുള്ള ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ചെന്നൈ നഗരത്തിലെ തെരുവുകളില്‍ രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന ബിരിയാണി കടകള്‍ ‘അവിവാഹിതരായ ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ളതാണ്’ എന്നായിരുന്നു ഈ വിവാദ ട്വീറ്റ്. രാത്രി മുതല്‍ ആരംഭിച്ച് പുലര്‍ച്ചെ 3 വരെ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബിരിയാണി കടകളില്‍ ഹിന്ദുക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിരിയാണികള്‍ ഉണ്ടാക്കുന്നുവെന്നായിരുന്നു ട്വീറ്റ്. വന്ധ്യത ഉണ്ടാക്കുക എന്നതാണ് ഇത്തരം കടക്കാരുടെ ഉദ്ദേശമെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. സ്വന്തം സംസ്‌ക്കാരത്തെ ബഹുമാനിക്കാത്ത, ഭക്ഷണത്തിന് അടിമപ്പെടുന്ന ഹിന്ദുക്കള്‍ അവരുടെ കണ്ണുകള്‍ തുറന്ന് തങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ടതുണ്ട് എന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
‘ചെന്നൈയിലെ 40,000 ബിരിയാണി കടകള്‍, നാടിന്റെ നാടന്‍ പാചകത്തിന്മേലുള്ള സാംസ്‌കാരിക ഭീകരതയല്ലാതെ മറ്റൊന്നുമല്ല’ എന്നൊരാള്‍ ട്വീറ്റ് ചെയ്തു. ‘സൂക്ഷിക്കുക, 50 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ചെന്നൈ ഫയലുകളില്‍ പ്രത്യക്ഷപ്പെടും’ എന്ന ഭയാനകമായ ഭീഷണിയും ചിലര്‍ പുറപ്പെടുവിച്ചു. വിവേക് ??അഗ്‌നിഹോത്രിയുടെ ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന ബോളിവുഡ് ചിത്രത്തെ കുറിച്ചാണ് ഇയാള്‍ പരാമര്‍ശിച്ചത്. ഇത്തരം വര്‍ഗീയ ട്വീറ്റുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഹൈവേകളില്‍ മുസ്ലീങ്ങള്‍ നടത്തുന്ന റസ്റ്റോറന്റുകള്‍ ലക്ഷ്യമിട്ടുകൊണ്ട് സമാനമായ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നടന്നിരുന്നു. ഭക്ഷണത്തില്‍ വന്ധ്യതാ ഗുളികകള്‍ ചേര്‍ക്കുന്നു, ചില വെജിറ്റേറിയന്‍ വിഭവങ്ങളില്‍ രഹസ്യമായി മാംസം കലര്‍ത്തുന്നു എന്നൊക്കെയായിരുന്നു ഇവിടങ്ങളില്‍ ഉയര്‍ന്ന വ്യാജ പ്രചാരണം. ഇതിന്റെ വ്യാജ ചിത്രങ്ങള്‍ അന്ന് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. പിന്നീട്, 2020 ള്‍ ഇതേ ചിത്രം ഉപയോഗിച്ച് മറ്റൊരു പ്രചാരണവും നടന്നു. കോയമ്പത്തൂരിലെ മുസ്ലീം ഉടമസ്ഥതയിലുള്ള രണ്ട് റെസ്റ്റോറന്റുകള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും വെവ്വേറെ പാത്രങ്ങളില്‍ ബിരിയാണി പാകം ചെയ്യുന്നുണ്ടെന്നായിരുന്നു ഇത്. അവകാശവാദം തെറ്റാണെന്നും അശാസ്ത്രീയവുമാണെന്നും തെളിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് സിറ്റി പോലീസ് ട്വിറ്ററിനോട് അഭ്യര്‍ത്ഥിച്ചു.