ബിപിന്‍ റാവത്ത് പേരു പറഞ്ഞു, പുറത്തെടുത്തപ്പോള്‍ ജീവനുണ്ടായിരുന്നു; മരിച്ചത് ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്ക്
ചെന്നൈ: അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ബിപിന്‍ റാവത്ത് തന്റെ പേര് പറഞ്ഞതായും ഹിന്ദിയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്‍ സി മുരളി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ബിപിന്‍ റാവത്ത് മരിച്ചത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്തായിരുന്നു ഒരാള്‍. ഞങ്ങള്‍ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്പോള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു- രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നു മുരളി വ്യക്തമാക്കി.
ഗുരുതരമായി പൊള്ളലേറ്റിരുന്ന റാവത്തിനെ ബിഡ് ഷീറ്റില്‍ പൊതിഞ്ഞാണ് ആംബുലന്‍സില്‍ കയറ്റിയത്. ദുര്‍ഘടമായ പ്രദേശമായിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ക്ക് പ്രദേശത്ത് എത്താന്‍ താമസമുണ്ടായി. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളില്‍ വെള്ളം നിറച്ച് ആദ്യം തീയണയ്ക്കാന്‍ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഊട്ടിക്ക് സമീപം കുനൂരിലാണ് ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേരാണ് മരിച്ചത്. രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ്.
ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനം വെല്ലിങ്ടണ്‍ സൈനിക കോളജില്‍ പത്ത് മണിയോടെ നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനടക്കം പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് ബിപിന്‍ റാവത്തിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം നാളെയാകും സംസ്‌കാരം നടക്കുക.