ബിനോയ് കോടിയേരി അറസ്റ്റിലേക്ക്, മുംബൈ പോലീസ് കണ്ണൂരിൽ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ ആരോപണത്തിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് ബിനോയിക്ക് നേരിട്ട് നോട്ടീസ് നൽകിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസാണ് നൽകുക. ബിനോയിയെ ഫോണിൽ ബന്ധപ്പെടാൻ സംഘം ഇന്നലെ ശ്രമിച്ചെങ്കിലും രണ്ട് ഫോണുകളും സ്വിച്ച് ഡ് ഓഫ് ആയിരുന്നു. കണ്ണൂരിലെത്തിയ സംഘം ജില്ലാ പോലീസുമായി ചർച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരത്തേതിന് ഒപ്പം കണ്ണൂരിലെ രണ്ട് മേൽവിലാസങ്ങളാണ് യുവതി പരാതിയിൽ നൽകിയിരുന്നത്.
യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ലെന്ന് മുംബൈ പോലിസ് സംഘത്തെ അറിയിച്ചു. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‍പി, ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ ആരംഭിയ്ക്കാനാണ് നീക്കം. ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്. കേസ് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് മുംബൈ പോലീസ് സംഘത്തിന് കേരള പോലീസ് നിർദ്ദേശം നൽകിയതായാണ് സൂചന.
മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. വിവാഹ വാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാർ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
കേസന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികൾ എടുക്കാനുള്ള ഒരുക്കത്തിലാണ് മുംബൈ പൊലീസ് . അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനകളുണ്ട്. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിക്കും.