കൊച്ചി:താൻ കേരളം വിടുന്നു എന്നത് ഇന്നോ ഇന്നലെയോ എടുത്ത തീരുമാനമല്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പണ്ടേ താൻ ഈ വിഷയത്തിൽ ചില മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖവും ബിന്ദു പുറത്ത് വിട്ടു. പക്ഷേ കേരളത്തിലെ താത്കാലിക ജോലി ആണ് എന്നെ ഒരു പരിധി വരെ എന്നെ ഇവിടെ പിടിച്ചു നിർത്തിയിരുന്നത്. തീരുമാനം പെട്ടെന്ന് എടുത്തതല്ല എന്ന് പറയാൻ വേണ്ടി പഴയ വാർത്ത ഷെയർ ചെയ്യുകയും ചെയ്തു .
ബിന്ദു അന്ന് മാധ്യമങ്ങളോട് പറഞ്ഞത്,
ശബരിമലയിൽ കയറിയതിനു ശേഷം, ശബരിമല പ്രവേശനത്തിന്റെ പേരിൽ താൻ നിരന്തരമായി ആക്രമിക്കപ്പെട്ടിട്ടും പൊലീസ് പ്രതികൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. കേരളത്തിൽ താൻ സുരക്ഷിതയല്ല. ഏതു നിമിഷവും വധിക്കപ്പെട്ടേക്കും. സംഘപരിവാർ ആക്രമണം തുടർച്ചയായി നടക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യം വിടാനാണ് തീരുമാനമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
പോലീസ് സ്റ്റേഷനു മുന്നിൽ, ബസിൽ യാത്ര ചെയ്യുന്നതിനിടെ, പൊതു ഇടമായ ബീച്ചിൽ, വഴിയിൽ അങ്ങനെ ഞാനെന്ന ദളിത് സ്ത്രീ ആക്രമിക്കപ്പെടാത്ത ഇടങ്ങളില്ല. പൊതു ഇടങ്ങളിൽ തുടർച്ചയായി ആക്രമിക്കപ്പെട്ടിട്ടും ഭരണ പ്രതിപക്ഷ നേതാക്കൾ മിണ്ടിയിട്ടില്ല. വിശ്വാസികൾ തങ്ങളിൽ നിന്നും അകലുമെന്ന ഭയം മൂലം ഇടതുപക്ഷം അടക്കമുള്ള പ്രബലർ മൗനം പാലിക്കുകയാണ്. ആക്രമിക്കുന്നതിന്റെ ഭാഗമായി അവർക്ക് കാശ് കിട്ടും സ്വീകരണം കിട്ടും, എല്ലാ സുരക്ഷയും കിട്ടും, പോലീസിന്റെ ഭാഗത്തു നിന്നും സംരക്ഷണവും കിട്ടും. പല ഗ്രൂപ്പുകളിലും എന്റെ ഫോൺ നമ്പർ ഷെയർ ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ല ഞാൻ ശബരിമല കയറിയിട്ടുള്ളത്. ഞങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് കയറിയത്. അത് പ്രകാരം ഞങ്ങൾക്ക് സുരക്ഷ നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. സര്‍ക്കാര്‍ കയ്യൊഴിഞ്ഞു എന്നുള്ളതല്ല, സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കുന്നതാണ് പ്രശ്നം. വിശ്വാസികളായ ആളുകൾ അകന്നു പോകുമെന്ന് വിചാരിച്ചാണ് സര്‍ക്കാര്‍ മാറി നിൽക്കുന്നത്. പ്രത്യേകിച്ച് സിപിഎമ്മിനെ പറയാനൊന്നുമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്. സിപിഎമ്മിന്റെ ഭാഗത്തു നിന്നും കുറച്ചൂടെ നമ്മൾ പ്രതീക്ഷിക്കും. പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്ന നിരാശ മാത്രമേയുള്ളൂ. സിപിഎം പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, ചെയ്യുന്ന ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാൽ അതുമില്ല.
സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും എനിക്കുള്ള സംരക്ഷണം എവിടെ എന്നേ ചോദിക്കാനുള്ളൂ. രണ്ട് പേർക്ക് സുരക്ഷ ഒരുക്കണമെന്നു പറഞ്ഞിട്ട് ഒരാൾക്ക് സംരക്ഷണം കൊടുക്കുന്നു. എന്നാൽ എനിക്ക് നൽകുന്നില്ല. അത് എന്റെ ദളിത് സ്വത്വംകൊണ്ടാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇല്ലാത്തവര്‍ ആക്രമിക്കപ്പെടാം എന്ന സന്ദേശമാണ് നൽകുന്നത്. ഇന്നലത്തെ സംഭവം നടക്കുന്നതിനു തൊട്ടു മുമ്പ് ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അവരെ അറിയിച്ചിരുന്നു. ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് അറിയിച്ചത്. എന്നിട്ടു പോലും പോലീസ് വേണ്ട സംരക്ഷണം തരുന്നില്ല. സുരക്ഷ പോലും പിൻവലിച്ചു.
ആദ്യഘട്ടത്തിൽ പുരുഷന്മാരായ രണ്ടുപേര്‍ ഗൺമാൻമാരായി ഉണ്ടായിരുന്നു. അവർ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. പിന്നീട് ഞാൻ തന്നെയാണ് വനിതാ പോലീസുകാരെ മതിയെന്ന് ആവശ്യപ്പെട്ടത്. സ്ത്രീകൾ എത്തിയപ്പോൾ നമ്മളെ ഒരു പ്രതിയെപ്പോലെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. അപ്പോൾ ഞാൻ ഡിജിപിക്ക് പരാതി നൽകി. അപ്പോൾ എനിക്ക് നീതി ലഭിക്കുന്നതിനു പകരം സുരക്ഷ പിൻവലിക്കുകയാണ് ഉണ്ടായത്. എന്തുകൊണ്ടാണ് വരാത്തത് എന്ന് എന്നെ അറിയിച്ചിട്ടില്ല. നോട്ടീസ് നൽകിയിട്ടുമില്ല.
ഇതിനു മുമ്പ് മറ്റൊരാളുടെ ആവശ്യത്തിനായി ഞാൻ മുഖ്യമന്ത്രിയെ കാണാൻ പോയിരുന്നു. ഒന്നര മണിക്കൂറോളം അദ്ദേഹത്തെ കാണാൻ കാത്തിരുന്നു. എനിക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതി കിട്ടിയില്ല. എന്റെ മുന്നിലൂടെ അദ്ദേഹം നടന്നു പോകുമ്പോൾ ഒന്നു നോക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മുന്നിൽ പോയി ദയയ്ക്കു വേണ്ടി യാചിച്ച് നിക്കാനൊന്നും ഞാൻ തയ്യാറല്ല.സംഘപരിപാറിനെ പ്രമോട്ട് ചെയ്യുന്നതിൽ കോൺഗ്രസിന് വലിയ പങ്കുണ്ട്. അവര്‍ക്ക് വളംവെച്ചു കൊടുക്കുന്നതിൽ കോൺഗ്രസ് പിന്നിലല്ല. ഞാൻ രാജ്യം വിടാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ അഭയത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.