അഹമ്മദാബ്: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ച് ഗുജറാത്ത് സർക്കാർ. ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുതുമുൾപ്പെടെയുള്ള കേസുകളിലാണ് പ്രതികൾ ശിക്ഷയനുഭവിച്ചിരുന്നത്.
2008ൽ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.
സുപ്രീം കോടതി നിർദേശത്തെ തുടർന്ന് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായ സമിതിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചു. കേസിൽ 15 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സർക്കാരിന് നിർദേശം നൽകുകയായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്നും തിങ്കളാഴ്ച ഇവർ മോചിതരായത്.
2002 മാർച്ചിൽ ഗോധ്ര സംഭവനത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. വിവാദമായ സംഭവത്തിൽ രണ്ട് വർഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടുമെന്നും ബിൽക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു.
ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശവും നൽകി.