CrimeNationalNews

യാത്രക്കിടെ മലയാളി യുവതിയോട് അപമര്യാദയായി പെരുമാറി: ബെംഗളൂരുവില്‍ ബൈക്ക് ടാക്സി ട്രൈവർ അറസ്റ്റില്‍

ബെംഗളൂരു: മലയാളി യുവതിയോട് അപമര്യാദയായി പെരുമാറിയ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റില്‍. ഹാവേരി സ്വദേശി കെ ശിവപ്പ (23) യാണ് പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയ്ക്ക് നേരെ ഇയാള്‍ യാത്രക്കിടെ നഗ്നതാ പ്രദർശനം നടത്തുകയും യാത്രക്ക് ശേഷം വാട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മണിപ്പുരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.

ബൈക്ക് ടാക്സിയില്‍ മടങ്ങവെ വിജനമായ പ്രദേശത്ത് വെച്ച് യുവാവ് യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതോടെ യുവതി വീട് എത്തുന്നതിന് 200 മീറ്റർ മുൻപു തന്നെ യാത്ര അവസാനിപ്പിച്ചു. എന്നാല്‍ ഇതിന് പിന്നാലെ യുവതിയുടെ ഫോണിലേക്ക് യുവാവ് വാട്സാപ്പില്‍ അശ്ലീല സന്ദേശം അയക്കുകയും ചെയ്തു. അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സഹിതം യുവതി ട്വിറ്ററിലും പങ്കുവച്ചതോടെ വിഷയം വലിയ രീതിയില്‍ ചർച്ചയാവുകയും ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ബുക്ക് ചെയ്തിട്ട് ലഭിക്കാതിരുന്നതിനാലാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തതെന്നാണ് യുവതി പറയുന്നത്. എന്നാൽ, മൊബൈൽ ആപ്പ് വഴി ബുക്കുചെയ്ത ബൈക്കിലല്ല ഡ്രൈവറെത്തിയതെന്ന് യുവതി പറഞ്ഞു. കൂടെ താമസിക്കുന്നയാളുടെ വെബ് ടാക്സി അക്കൗണ്ട് ഉപയോഗിച്ചാണ് പ്രതി റൈഡിന് എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവാവിന്റെ അറസ്റ്റിന് പിന്നാലെ ഡ്രൈവറേയും ജോലിയില്‍ നിന്നും പുറത്താക്കിയതായി റാപ്പിഡോ അറിയിച്ചതായി യുവതി പറഞ്ഞു.

കഴിഞ്ഞ നവംബർ 26 ന് ഇലക്ട്രോണിക് സിറ്റിയിൽ ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതിയെ ഡ്രൈവറും സുഹൃത്തും ചേർന്ന് മാനഭംഗപ്പെടുത്തിയിരുന്നു. ഈ സംഭവത്തോടെ ബൈക്ക് ടാക്സി യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ക്കും ഇടംവെച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും യുവതികള്‍ക്ക് നേരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു. ഏപ്രിൽ 26ന് ഇന്ദിരാനഗറിൽ ഡ്രൈവറുടെ മോശം പെരുമാറ്റത്തെ തുടർന്ന് യുവതി ബൈക്ക് ടാക്സിയിൽ നിന്നു ചാടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് കമ്പനിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

മാർച്ചില്‍ ഡ്രൈവർ യാത്രയ്ക്ക് ശേഷം ഫോണിലൂടെ അശ്ലീല സന്ദേശം അയച്ചതായി മറ്റൊരു പരാതിയും ഉയർന്ന് വന്നിരുന്നു. അതേസമയം പരാതികള്‍ വ്യാപകമായതോടെ രാത്രി 10 മുതൽ രാവിലെ 6 വരെ യാത്ര ചെയ്യുന്നവരെ റെഡിനു ശേഷം ഫോണിൽ ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളുമായി റാപ്പിഡോ അധികൃതരും രംഗത്ത് വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker