തിരുവനന്തപുരം: ബാര്‍കോഴ ആരോപണം വീണ്ടും കത്തിപ്പടരുന്നു. കേരളാ കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണിക്കെതിരേ ഗുരുതര ആരോപണവുമായി ബാര്‍ ഉടമ ബിജു രമേശ് രംഗത്ത്.
ബാര്‍കോഴ കേസ് പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് ആരോപിച്ചു. ബാറുടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ബാര്‍കോഴക്കേസിലെ ഗൂഢാലോചനയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുമാണെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും കൊച്ചിയിലെ ഒരു ഡിറ്റക്ടീവ് ഏജന്‍സിയെക്കൊണ്ട് പാര്‍ട്ടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പി.സി.ജോര്‍ജ്, ജോസഫ് വാഴക്കന്‍, അടൂര്‍ പ്രകാശ്, ആര്‍.ബാലകൃഷ്ണപിള്ള എന്നിവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.