ഹോബാര്‍ട്ട്: ടി20 ലോകകപ്പില്‍ വമ്പന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. തോല്‍വിയോടെ രണ്ട് തവണ ചാമ്പ്യന്‍മാരായ വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തോല്‍ക്കുന്നവര്‍ പുറത്താകുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഐറിഷ് ടീം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. അയര്‍ലന്‍ഡിന്റെ ഗാരേത് ഡെലാനിയാണ് കളിയിലെ കേമന്‍.
സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 146-5, അയര്‍ലന്‍ഡ് 17.3 ഓവറില്‍ 150-1
23 പന്തുകളില്‍ 37 റണ്‍സ് നേടിയ നായകന്‍ ആന്‍ഡ്രൂ ബാല്‍ബറിന്റെ വിക്കറ്റ് മാത്രമാണ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് നഷ്ടമായത്. അകിയല്‍ ഹൊസൈന്റെ പന്തില്‍ കൈല്‍ മേയേഴ്‌സിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പോള്‍ സ്‌റ്റെര്‍ലിങ് 66*(48) ലോര്‍കന്‍ ടക്കര്‍ 45*(35) എന്നിവര്‍ പുറത്താകാതെ നിന്നു. സിംബാബ്‌വേ- സ്‌കോട്‌ലന്‍ഡ് മത്സരത്തില്‍ ജയിക്കുന്നവര്‍ അയര്‍ലന്‍ഡിനൊപ്പം ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 12ലേക്ക് മുന്നേറും.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനെ ലെഗ് സ്പിന്നര്‍ ഗാരേത് ഡെലാനിയാണ് താരതമേന്യ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 48 പന്തുകളില്‍ 62 റണ്‍സ് നേടി പുറത്താകാതെ നിന്ന ബ്രാന്‍ഡണ്‍ കിങ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ജോണ്‍സണ്‍ ചാള്‍സ് 24(18), എവിന്‍ ലൂയിസ് 13(18) നിക്കോളസ് പൂരന്‍ 13(11) റോവ്മാന്‍ പവല്‍ 6(8), കൈല്‍ മേയേഴ്‌സ് 1(5) ഒഡെയ്ന്‍ സ്മിത് 19*(12) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.
2012ലും 2016ലും ടി20 ലോകകപ്പ് നേടിയ ടീമാണ് വെസ്റ്റിന്‍ഡീസ്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ വിന്‍ഡീസ് അല്ലാതെ മറ്റൊരു ടീമും ഒന്നിലധികം തവണ കപ്പുയര്‍ത്തിയിട്ടില്ല.
What it means! 👊
— T20 World Cup (@T20WorldCup) October 21, 2022
A memorable day for Ireland as they progress to the Super 12 🤩#T20WorldCup | #IREvWI pic.twitter.com/7NPtlYd3Ph