Featuredhome bannerHome-bannerKeralaNewsNewsPolitics

ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു

കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു. കണ്ണൂര്‍ നാറാത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.

 

1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായരുടെ ജനനം. പുതിയ വീട്ടിൽ അനന്തൻ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. രാജവാഴ്ചകാലത്ത് ചിറക്കൽ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിൻ്റെ പിതാവ്. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും,  പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു.

പി.കൃഷ്ണപിള്ളയാണ് ബെര്‍ലിൻ്റെ രാഷ്ട്രീയ ഗുരു.  കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ബെര്‍ലിൻ കുഞ്ഞനന്തൻ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ തുടക്കം. 

1943ൽ ബോംബെയിൽ  നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുപ്പോൾ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു.1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്.1943ൽ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരിൽ ജപ്പാനെതിരേ പ്രചാരണം നടത്തി.

കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് പാർട്ടി നേതാക്കളേയും അവരുമായി ബന്ധം പുലര്‍ത്തുകയും  അവരുടെ സന്ദേശങ്ങൾ വിവിധയിടങ്ങളിൽ എത്തിക്കുകയും ചെയ്തത് കുഞ്ഞനന്തനായിരുന്നു. കൃഷ്ണപ്പിള്ളയെ കൂടാതെ എകെ ഗോപാലനുമായും സവിശേഷ സൗഹൃദം ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍ക്കുണ്ടായിരുന്നു. 1945- 46 കാലഘട്ടത്തിൽ ബോംബയിൽ രഹസ്യ പാർട്ടി പ്രവർത്തനം നടത്തിയ ബെര്‍ലിൻ 1948 ൽ കൊൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹി പാർടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു.

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐഎമ്മിനൊപ്പമായിരുന്നു ബെര്‍ലിൻ നിന്നത് . 1957 ൽ ഇഎംഎസ്  പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയി. 1958 ൽ റഷ്യയിൽ പോയി പാർട്ടി സ്‌കൂളിൽ നിന്ന് മാർക്‌സിസം ലെനിനിസത്തിലും രാഷ്‌ട്രീയ മീമാംസയിലും ബിരുദമെടുത്തു. 1959 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസിൽ പങ്കെടുത്തു. 1965 ൽ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിൽ എഴുതി. ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെ ബർലിൻ കുഞ്ഞനന്തൻ നായര്‍ എന്ന വേറിട്ട പേരിൽ അദ്ദേഹം മലയാളി മനസ്സിൽ ഇടം നേടി. 

ബെര്‍ലിനിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സിപിഎമ്മിൻ്റെ പ്രാദേശിക ഘടകങ്ങളിൽ സജീവമായി പ്രവര്‍ത്തിച്ചു. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ സിപിഎമ്മിൻ്റെ നയവ്യതിയാനങ്ങളെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി നേതൃത്വവുമായി ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അകന്നു.  പക്ഷേ 2005-ൽ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് മറികടന്ന് ലോക്കൽ കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. 

 പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കുമ്പോൾ തന്നെ വിഎസ് അച്യുതാനന്ദനുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി. സിപിഎമ്മിൽ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയുടെ ഭാഗമായി ഈ ബന്ധം കൂട്ടിവായിക്കപ്പെടുകയും വിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കാലത്ത് വി.എസ്. അച്യുതാനന്ദൻ ബെര്‍ലിനെ വീട്ടിലെത്തി സന്ദർശിച്ചത് പാർട്ടിക്കകത്ത് വിവാദങ്ങൾക്കു കാരണമായിരുന്നു. എം എൻ വിജയനെപ്പോലെ ഒരു കാലത്ത് പാര്‍ട്ടിയുടെ ആശയമുഖമായി ജീവിക്കുകയും പിന്നീട് പാര്‍ട്ടിക്ക് അനഭിമതനാവുകയും ചെയ്ത ആളായിരുന്നു ബെര്‍ലിൻ.  പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആൾ എന്നാണ് ചില മുതിർന്ന നേതാക്കൾ ഒരു ഘട്ടത്തിൽ ബെര്‍ലിനെ വിശേഷിപ്പിച്ചത്.

എന്നാൽ അവസാന കാലത്ത് ബെര്‍ലിൻ വിഎസുമായും അകന്നു. വിഎസിൻ്റെ നടപടികൾ തെറ്റായിരുന്നുവെന്നും പിണറായി വിജയൻ ഉൾപ്പെടുന്ന ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു. വൈകാതെ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ അടുത്തു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ നടന്നപ്പോൾ ഫണ്ട് ശേഖരണത്തിനായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആദ്യമെത്തിയത് ബെര്‍ലിൻ്റെ വീട്ടിലാണ്. അവസാന കാലത്ത് പ്രമേഹം മൂര്‍ച്ഛിച്ചതോടെ കുഞ്ഞനന്തൻ നായര്‍ക്ക് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker