ഇഞ്ചുറി ടൈമിലെ ഗോളിൽ കേരളം വീണു; സന്തോഷ് ട്രോഫിയിൽ ബംഗാളിന് കിരീടം
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന്റെ കണ്ണീര്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടി. റോബി ഹന്‍സ്ദയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് നിന്ന് ഹെഡറിലൂടെ കിട്ടിയ പന്ത് കേരള പ്രതിരോധ താരത്തെ മറികടന്ന് റോബി വലയിലേക്ക് തട്ടിയിട്ടു. ഈ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ ബംഗാള്‍ താരത്തിന്റെ 12-ാം ഗോളാണിത്.
ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 11-ാം മിനിറ്റില്‍ കേരളത്തിന് അവസരമെത്തി. നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജസലിന്റെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു.
30-ാം മിനിറ്റില്‍ ബംഗാളിന്റെ കോര്‍ണര്‍ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പര്‍ രക്ഷിച്ചു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു. മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയിലും നിരവധി ആക്രമണങ്ങള്‍ കണ്ടു. 58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 62-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. 83-ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി.
നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിര്‍ണായകമായ വിജയഗോളിനുള്ള സമയമായിരുന്നു. 94-ാം മിനിറ്റില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാള്‍ വിജയാരവത്തില്‍ മുങ്ങി.