അധ്യാപിക ബെല്ലി ഡാന്‍സ് ചെയ്തു; വീഡിയോ വൈറലായതോടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, ഭര്‍ത്താവ് വിവാഹ മോചനവും നേടി!
ബെല്ലി ഡാന്‍സ് കളിച്ചതിന്റെ പേരില്‍ അധ്യാപികയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. ഈജിപ്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആയ യൂസഫ് എന്ന അധ്യാപികയാണ് ഓഫീസുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ബെല്ലി ഡാന്‍സ് ചെയ്തത്. ഇത് അവരുടെ അനുവാദമില്ലാതെ ഒരു സഹപ്രവര്‍ത്തകന്‍ പകര്‍ത്തി. വീഡിയോ വൈറലായതോടെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിനു പുറമെ, ഇവരില്‍ നിന്നും ഭര്‍ത്താവ് വിവാഹമോചനവും നേടി.
നൈല്‍ ഡെല്‍റ്റയിലെ ദകഹ്ലിയ ഗവര്‍ണറേറ്റിലെ പ്രൈമറി സ്‌കൂളിലാണ് ആയ യൂസഫ് ജോലി ചെയ്തിരുന്നത്. സ്‌കൂളില്‍ അവര്‍ വര്‍ഷങ്ങളോളം അറബി പഠിപ്പിക്കുകയായിരുന്നു. പുരുഷന്മാരായ ടീച്ചിംഗ് സ്റ്റാഫിനൊപ്പമാണ് അവള്‍ സംഗീതത്തിന് ചുവട് വയ്ക്കുന്നത്. ബെല്ലി ഡാന്‍സ് ഫറവോനിക് കാലഘട്ടം മുതലുള്ളതാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നത് ഇപ്പോഴും കുറ്റകരമായി കാണുകയാണ് ഇവിടെ.
ഹെഡ്സ്‌കാര്‍ഫും മുഴുക്കൈ ഡ്രസും ധരിച്ചായിരുന്നു അധ്യാപിക ബെല്ലി ഡാന്‍സ് ചെയ്തിരുന്നത്. നദിയിലൂടെ ബോട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നിരുന്നാലും, വീഡിയോ വൈറലായതോടെ, ഈജിപ്ഷ്യന്‍ യാഥാസ്ഥിതികര്‍ക്കിടയില്‍ ഇത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.
അവള്‍ ലജ്ജാകരമായി പ്രവര്‍ത്തിച്ചുവെന്നാണ് വിമര്‍ശകരുടെ വാദം. ‘നാം ജീവിക്കുന്ന മോശം കാലഘട്ടത്തെ ഇത് വ്യക്തമായി പ്രകടിപ്പിക്കുന്നു എന്തും അനുവദനീയമാണ് എന്ന അവസ്ഥയാണിവിടെ’ എന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. ‘ഈജിപ്തില്‍ വിദ്യാഭ്യാസം താഴ്ന്ന നിലയിലെത്തി’ എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട അധികാരികളുടെ ഇടപെടല്‍ വേണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
ജോലി ചെയ്തുകൊണ്ടിരുന്ന താന്‍ ഇനി ഒരിക്കലും നൃത്തം ചെയ്യില്ലെന്ന് സംഭവത്തെ തുടര്‍ന്ന് അവര്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അടുത്തിടെയുള്ള ഈ സംഭവ വികാസങ്ങള്‍ തനിക്ക് കഠിനമായ പരീക്ഷണകാലമായിരുന്നു എന്നും അതിനിടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ‘നൈല്‍ നദിയിലെ ബോട്ടില്‍ ചെലവഴിച്ച ആ പത്ത് മിനിറ്റ് എന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തി’ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ആയ യൂസഫിന് പിന്തുണയുമായി മറ്റൊരു സ്‌കൂളിന്റെ ഡെപ്യൂട്ടി ഹെഡ് മകളുടെ വിവാഹത്തില്‍ നൃത്തം ചെയ്യുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഈജിപ്ഷ്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള ഈജിപ്ഷ്യന്‍ സെന്റര്‍ മേധാവി ഡോ. നിഹാദ് അബു കുംസാന്‍, ആയ യൂസഫിന് അവരുടെ ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്യുകയും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അവരുടെ കരാര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളും പിന്തുണകളും ഏറിയതോടെ ഇവരെ ജോലിയിലേയ്ക്ക് തിരിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.