ഉയരം കൂടുതലായത് കൊണ്ട് സിനിമകളിൽ വേണ്ടെന്ന് പറഞ്ഞു, അത് അവരുടെ അൽപ്പത്തരം; അഭിരാമി
കൊച്ചി:മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് അഭിരാമി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന സിനിമയിലൂടെ ആയിരുന്നു അഭിരാമിയുടെ സിനിമ അരങ്ങേറ്റം. പിന്നീട് ഏഷ്യാനെറ്റിലെ ടോപ് ടെൻ എന്ന പരിപാടിയുടെ അവതാരകയായും അഭിരാമി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ അഭിരാമിക്ക് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിൽ പത്രം, മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങി നിരവധി സിനിമകളിലാണ് അഭിരാമി തിളങ്ങിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ ഗീതു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒന്നാണ്. മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പമൊക്കെ സ്ക്രീൻ പങ്കിട്ടിട്ടുള്ള അഭിരാമി, താമിഴിൽ കമൽ ഹാസൻ, പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ രാകേഷ് ബാല സംവിധാനം ചെയ്ത മാർജാര ഒരു കല്ലുവെച്ച നുണ എന്ന സിനിമയിലാണ് അഭിരാമി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗരുഡൻ എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അഭിരാമി. അതിനിടെ തന്റെ ചില സിനിമ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഹൈറ്റ് കൂടിയതുകൊണ്ട് ചില സിനിമകളിൽ തന്നെ വേണ്ട എന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിരാമി. ബിഹൈൻഡ്വുഡ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഹൈറ്റ് കൂടിയതു കൊണ്ട് കുറച്ചു സിനിമകളിൽ എന്നെ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. സിനിമയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട് എന്ന് പറയൻ പറ്റില്ല. കാരണം ഡോക്യുമെന്റിൽ ഒപ്പ് വെച്ചിട്ട് മാറ്റുമ്പോളാണല്ലോ പുറത്താക്കി എന്ന് പറയുക. ആദ്യം ഒരു സംസാരത്തിലേക്ക് ഒക്കെ എത്തിയിട്ട് പിന്നീട് നമുക്ക് പരിഗണിക്കാം എന്ന് പറഞ്ഞവരുണ്ട്. പിന്നീട് വേറെ ആളെ നോക്കുന്നുണ്ട് എന്നും പറഞ്ഞു. ഒന്നു രണ്ട് സിനിമകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് അഭിരാമി പറയുന്നു.
ഒത്തിരി പ്രതീക്ഷിച്ചിട്ട് പോയ സിനിമകളായിരുന്നു അത്. ആ സമയത്ത് ഞാൻ വളരെ ചെറുപ്പമായിരുന്നു. എനിക്ക് പതിനെട്ട് വയസ് ഉള്ളപ്പോഴാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. അപ്പോൾ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. ഇത് ആരാണ് എന്റെയടുത്ത് പറഞ്ഞത് എനിക്ക്
ഇപ്പോൾ ഓർമയില്ലെന്നും താരം പറഞ്ഞു.
എന്റെ ഹൈറ്റും, വെയ്റ്റുമൊന്നും എന്റെ കയ്യിലുള്ള സാധനങ്ങളല്ല. അതൊക്കെ നോക്കിയിട്ട് എന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറയുകയാണെങ്കിൽ അത് അയാളുടെ അൽപ്പത്തരം ആണ്. അത് അയാളുടെ ഇടുങ്ങിയ ചിന്താഗതിയല്ലേ കാണിക്കുന്നത്. ഞാൻ എന്ത് ചെയ്യാനാണ് അതിൽ. അതുകൊണ്ട് തനിക്ക് അതിൽ കുഴപ്പമില്ലെന്നും അഭിരാമി പറഞ്ഞു.
അതേസമയം, ആർ യു ഓക്കെ ബേബി എന്ന തമിഴ് ചിത്രവും. ഗരുഡൻ എന്ന മലയാള ചിത്രവുമാണ് അഭിരാമിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗരുഡൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ക്രൈം ത്രില്ലറാണ് ഇത്. നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം.
അഭിരാമിയുടെ മികച്ച ഒരു തിരിച്ചുവരവാകും ഇതെന്നാണ് സൂചന. അതിനിടെ അമ്മയായ സന്തോഷത്തിൽ കൂടിയാണ് താരം. താനും പങ്കാളിയും ഒരു പെൺകുട്ടിയെ ദത്തെടുത്ത വിവരം കഴിഞ്ഞ ദിവസം അഭിരാമി പങ്കുവച്ചിരുന്നു. മാതൃദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അഭിരാമി ഇക്കാര്യം പറഞ്ഞത്. കൽക്കി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.