നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്. ഇപ്പോള്‍ ബിജെപി അനുഭാവിയായ സുരേഷ് ഗോപി കോളേജ് പഠന കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ഇപ്പോഴിതാ കോളജ് പഠനകാലത്ത് താനൊരു എസ്എഫ്‌ഐക്കാരനായിരുന്നുവെന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് മാറി പാര്‍ട്ടിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനുണ്ടായ സാഹചര്യമുണ്ടായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഒരു അഭിമുഖത്തില്‍ മീശ നീട്ടിവളര്‍ത്തിയ തന്റെ ചിത്രത്തെ സിംഹവാലന്‍ കുരങ്ങുമായി താരതമ്യം ചെയ്തുള്ള പോസ്റ്റിന് താന്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സുരേഷ് ഗോപി ഇക്കാര്യവും വെളിപ്പെടുത്തിയത്.
സൈലന്റ് വാലി ദേശീയ ഉദ്യാനമാകുന്നതിന് മുന്‍പ് നടന്ന കോളജിലെ പ്രതിഷേധങ്ങളെ താനാണ് നയിച്ചിരുന്നതെന്നും, ഈ സമയത്താണ് എസ്എഫ്‌ഐ വിട്ടതെന്നും നടന്‍ പറഞ്ഞു. ‘സൈലന്റ് വാലി എന്ന ഹൈഡാം പ്രോജക്ട് വരുന്നതിനെതിരെ സമരം ചെയ്ത കൊല്ലം ഫാത്തിമാ കോളജില്‍ സുവോളജി ഡിപ്പാര്‍ട്‌മെന്റിലെ എസ്എഫ്‌ഐക്കാരുണ്ട്. ഇതിന്റെ ലീഡറായിരുന്നു ഞാന്‍.
അന്നത്തെ എന്റെ സുഹൃത്തായ ഫൈസി എന്ന നക്‌സലൈറ്റ് പ്രവര്‍ത്തകനാണ് ഇതിന്റെ ആവശ്യമെന്തെന്ന് ഞങ്ങളെ പഠിപ്പിക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഞങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ തന്നു. അന്ന് ഞാന്‍ ഒരു നോട്ടീസ് ബോര്‍ഡ് ഉണ്ടാക്കി സുവോളജി ഡിപ്പാര്‍ട്‌മെന്റില്‍ വച്ചു, സുവോളജി ഡിപ്പാര്‍ട്‌മെന്റിന്റെ സെക്രട്ടറിയായി.
എസ്എഫ്‌ഐ ആയിരുന്ന ഞാന്‍ അതില്‍ നിന്ന് മാറി സ്വതന്ത്രനായി നിന്ന് പാര്‍ട്ടിക്ക് എതിരെ ജയിച്ചു. പാര്‍ട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തി സമരത്തിനെ നയിച്ചു. സിംഹവാലനെ സംരക്ഷിക്കുന്നതിനായി, സൈലന്റ് വാലിയ്ക്ക് വേണ്ടി സ്വന്തം കൈപ്പടയില്‍ ഇന്ദിരാ ഗാന്ധിയ്ക്ക് കത്തെഴുതി മറുപടി വാങ്ങിച്ച ആളാണ് ഞാന്‍ എന്നും അദ്ദേഹം പറഞ്ഞു.
പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജോഷിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. അദ്ദേഹത്തിനൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.