KeralaNews

ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്ക് ? ബി.ജെ.പിയോട് കടുത്ത അതൃപ്തി

ആലപ്പുഴ: ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ.)യിൽ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയിൽ. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാർട്ടിയിലെ മിക്ക നേതാക്കളും. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായതായാണു വിവരം.

തുഷാർ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ്. നേതൃയോഗം ചേർന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികൾക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ്. പറയുന്നത്. എന്നാൽ, ആ പരിഗണന ബി.ജെ.പി.യിൽനിന്ന് പാർട്ടിക്കു കിട്ടുന്നില്ല.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്. പ്രത്യേക സഹായമൊന്നും മുന്നണിസ്ഥാനാർഥിക്കു ചെയ്തില്ലെന്നും അതിനാലാണ് സി.പി.എമ്മിന് വോട്ടുകുറയാതിരുന്നതെന്നുമാണ് നേതാക്കളുടെ വാദം. എൻ.ഡി.എ. എന്നു പറയുന്നത് സങ്കല്പം മാത്രമായി, നേതൃയോഗം പോലും നടക്കുന്നില്ല,

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുവർഷംപോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തിൽ മുന്നൊരുക്കമൊന്നും നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബി.ഡി.ജെ.എസ്. ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾക്കു മേൽക്കൈയുള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനയുണ്ട്.

മറ്റു പാർട്ടികളിൽനിന്ന് ബി.ഡി.ജെ.എസിലെത്തുന്നവർ ക്രമേണ ബി.ജെ.പി.ക്കാരായി മാറുകയാണെന്നും പാർട്ടിക്കു വളർച്ചയില്ലാത്തത് എൻ.ഡി.എ.യിൽ നിൽക്കുന്നതു കൊണ്ടാണെന്നുമാണ് പാർട്ടിയിൽ ചർച്ചയുയർന്നത്. എന്നാൽ, മുന്നണിമാറ്റത്തിന്റെ പ്രധാന തടസ്സം തുഷാർ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാൽ, മുന്നണിമാറ്റത്തെ തുഷാർ അംഗീകരിക്കാൻ സാധ്യത കുറവാണ്.

കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടതിനാൽ മധ്യതിരുവിതാംകൂറിൽ ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്നത് നല്ലതാണെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും ചിന്തിക്കുന്നു. രമേശ് ചെന്നിത്തലയാണ് കോൺഗ്രസിനെ നയിക്കുന്നതെങ്കിൽ കൂടുതൽ സന്തോഷമെന്ന നിലയിലാണ് ബി.ഡി.ജെ.എസ്. നേതാക്കളുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker