മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി പുതിയ പ്രഖ്യാപനവുമായി ബിസിസിഐ. സിംബാബ്‌വേക്ക് എതിരായ ടി20 പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കി. സഞ്ജുവിന് പുറമേ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്ന ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച ടീമിൽ ഇവരുടെ പേരുണ്ടായിരുന്നു.
എന്നാൽ അപ്രതീക്ഷിതമായാണ് ബിസിസിഐ മാറ്റം പ്രഖ്യാപിച്ചത്. ടി20 ലോകകപ്പ് ജേതാക്കളായ ടീമിലെ എല്ലാവരെയും സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. പകരം സായ് സുദർശൻ, ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവരെ പുതുതായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടർന്ന് ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി കിടക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ ലോകകപ്പ് ജയിച്ച ടീമിലെ അംഗങ്ങൾക്ക് ഇന്ത്യയിലെത്തുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. അതുകൊണ്ടാണ് മൂന്ന് പേരെയും ഒഴിവാക്കിയതെന്നാണ് ബിസിസിഐ നൽകുന്ന വിശദീകരണം. ഇതോടെ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഇവരുടെ സുവർണാവസരമാണ് നഷ്‌ടമായത് എന്നതാണ് ഇതിലെ സങ്കടകരമായ വസ്‌തുത.
ഇന്ത്യൻ സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ധ്രുവ് ജുറൽ (കീപ്പർ), റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, ആവേഷ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ, സായ് സുദർശൻ, ജിതേഷ് ശർമ്മ (കീപ്പർ) , ഹർഷിത് റാണ എന്നിവരാണ് ടീമിൽ ഇടംനേടിയവർ.
ബിസിസിഐ വരാനിരിക്കുന്ന പര്യടനത്തിൽ വരുത്തിയ ആദ്യത്തെ മാറ്റമല്ല ഇതെന്നതാണ് ശ്രദ്ദേയമായ കാര്യം. അവർ നേരത്തെ ഐപിഎല്ലിൽ തിളങ്ങിയ താരം നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശിവം ദുബെയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. താരത്തിന്റെ പരിക്കിനെ തുടർന്നാണ് ശിവം ദുബെയെ പകരക്കാരനായി കൊണ്ട് വന്നത്.
നിലവിൽ ഇവരെ ഒഴിവാക്കിയെങ്കിലും മൂന്ന് പേരും സിംബാബ്‌വേ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിച്ചേക്കുമെന്നാണ് സൂചന. ഇവർ മൂന്നാം ടി20 മുതൽ ടീമിനൊപ്പം ചേരാൻ സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയാണ് ഇരുടീമുകളും തമ്മിൽ നടക്കുന്നത്. ജൂൺ ആറ് മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.
അതേസമയം, രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നീ മുതിർന്ന താരങ്ങൾ വിരമിച്ച ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. ഇന്ത്യയുടെ യുവനിരയുടെ കരുത്ത് അളക്കാനുള്ള ഇടമായാണ് ബിസിസിഐ മത്സരത്തെ കാണരുത്.
നായകൻ ഗിൽ ഉൾപ്പെടെ ഒരുപിടി പരിചയ സമ്പന്നരും ടീമിലുണ്ട് എന്നതാണ് ആശ്വാസം. അതുകൊണ്ട് തന്നെ പരമ്പര തൂത്തുവാരി ഇന്ത്യയുടെ കിരീട നേട്ടത്തിന് കൂടുതൽ ആധികാരിത നൽകാൻ ചെറുപ്പക്കാരുടെ സംഘത്തിന് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.