ന്യൂഡല്‍ഹി: ബിബിസി പഞ്ചാബി ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. ഖലിസ്ഥാന്‍ വാദി അമൃത്പാല്‍ സിങ് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. ‘നിയമപരമായ ആവശ്യം’ കണക്കിലെടുത്ത് പഞ്ചാബി ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കിയിരിക്കുകയാണെന്നാണ് പേജില്‍ പറയുന്നത്.
എന്നാല്‍ എന്താണ് കാരണം എന്നത് വ്യക്തമാക്കിയിട്ടില്ല. അമൃത്പാല്‍ സിങിനായി പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തന്നെ ചില മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ഉള്‍പ്പടെ അക്കൗണ്ടുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എത്ര അക്കൗണ്ടുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അക്കൗണ്ടുകള്‍ വിലക്കിയതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം അമൃത്പാല്‍ സിങ് ഒളിവില്‍ കഴിയുന്നത് നേപ്പാളിലാണെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് അമൃത്പാല്‍ സിങിന്റെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ വിവിധ ഏജന്‍സികള്‍ക്കും ഹോട്ടലുകള്‍ക്കും വിമാനക്കമ്പനികള്‍ക്കും കൈമാറിയിട്ടുണ്ട്. മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും, കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ നേപ്പാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.