കൊച്ചി: മുഹമ്മദൻ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഹാപ്പി ക്രിസ്മസ്. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണ്. നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയിയുടെ പിഴവുഗോളായിരുന്നു. 13 കളിയില്‍ 14 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്. മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.
അവസാന കളിയില്‍നിന്ന് ബ്ലാസ്റ്റേഴ്സ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. റുയ്വാ ഹോര്‍മിപാം, കോറു സിങ്, ക്വാമി പെപ്ര എന്നിവര്‍ തിരിച്ചെത്തി. ഹെസ്യൂസ് ഹിമിനെസ്, മുഹമ്മദ് സഹീഫ്, പ്രീതം കോട്ടല്‍ എന്നിവര്‍ക്ക് പകരമാണ് മൂവരും എത്തിയത്. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്. പ്രതിരോധത്തില്‍ ഹോര്‍മിപാം, സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, ഹുയ്ദ്രോം നവോച്ച സിങ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തില്‍ നോഹ സദൂയ്, കോറു, പെപ്ര. മുഹമ്മദന്‍സ് ഗോള്‍വലയ്ക്ക് മുന്നില്‍ ഭാസ്‌കര്‍ റോയ്. പ്രതിരോധത്തില്‍ ജോ സൊഹെര്‍ലിയാന, സുയ്ഡിക്ക, ഫ്ളോറെന്റ് ഒഗിയര്‍, സോഡിങ്ലിയാന. മധ്യനിരയില്‍ മിര്‍ജലോല്‍ കാസിമോവ്,അമര്‍ജിത് സിങ് കിയാം, അലെക്സിസ് ഗോമെസ്, ലാല്‍റെംസംഗ, ബികാഷ് സിങ്. മുന്നേറ്റത്തില്‍ കാര്‍ലോസ് ഫ്രാങ്ക.
നാലാം മിനിറ്റില്‍ ഇടതുഭാഗത്തുനിന്നുള്ള നോഹയുടെ ക്രോസ് ഗോള്‍മുഖത്തുനിന്ന് ഏറ്റുവാങ്ങാന്‍ ആരുമുണ്ടായില്ല. മറ്റൊരു ക്രോസും മുഹമ്മദന്‍സ് പ്രതിരോധംതടഞ്ഞു. മുഹമ്മദന്‍സ് ഗോള്‍മുഖത്തേക്ക് നിരന്തരം മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. അരമണിക്കൂര്‍ തികയുംമുമ്പ് നോഹയുടെ മറ്റൊരു ക്രോസ്. ഇക്കുറി പെപ്ര കൃത്യമായി തലവച്ചെങ്കിലും മുഹമ്മദന്‍സ് ഗോള്‍ കീപ്പര്‍ ഭാസ്‌കര്‍ റോയ് പന്ത് കൈയിലൊതുക്കി. 44ാം മിനിറ്റില്‍ കോര്‍ണറില്‍ തട്ടിത്തെറിച്ച പന്ത് മുഹമ്മദന്‍സ് പ്രതിരോധം ക്ലിയര്‍ ചെയ്തു. ആദ്യപകുതിയുടെ പരിക്കുസമയത്ത് ഒന്നാന്തരം അവസരമാണ് ബ്ലാസ്റ്റേഴ്സിന് കിട്ടിയത്. ലൂണയുടെ മുന്നേറ്റം. പിന്നാലെ പെപ്രയ്ക്ക് പന്ത്. പെപ്രയുടെ ബാക് പാസ് പിടിച്ച് ലൂണ ബോക്സിലേക്ക് അടിപായിച്ചു. നോഹയുടെ ഹെഡര്‍ കൃത്യം കോറുവിലേക്ക്. പക്ഷേ കോറുവിന്റെ ഹെഡര്‍ ഭാസ്‌കര്‍ തടഞ്ഞു. തട്ടിത്തെറിച്ച പന്ത് പെപ്ര വലയെ ലക്ഷ്യമാക്കി തൊടുത്തു. ഇക്കുറി പ്രതിരോധം തടുത്തു.
ഇടവേളയ്ക്കുശേഷം മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ഒന്നിനുപുറകെ ഒന്നായി ആക്രമണങ്ങള്‍ മെനഞ്ഞു. മുഹമ്മദന്‍സ് പ്രതിരോധത്തെ നോഹ പലപ്പോഴും സമ്മര്‍ദത്തിലാക്കി. ഇതിനിടെ ഡ്രിന്‍സിച്ച് രണ്ട് ഗോള്‍ ശ്രമങ്ങള്‍ നേരിയ വ്യത്യാസത്തില്‍ പുറത്തായി. ഒരു തവണ കരുത്തുറ്റ ഹെഡര്‍ ഗോളി തടഞ്ഞു. ഇതിനിടെ 60ാം മിനിറ്റില്‍ ഗോമെസിന്റെ അപകടകരമായ ഫ്രീകിക്ക് സച്ചിന്‍ സുരേഷ് കൃത്യമായി കൈയിലൊതുക്കി. 62ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. വലതുഭാഗത്തുനിന്നുള്ള ലൂണയുടെ കോര്‍ണര്‍ കിക്ക് ഒന്നാന്തരമായി ഗോള്‍മുഖത്തേക്ക്.
മുഹമ്മദന്‍സ് ഗോള്‍ കീപ്പര്‍ തടയാനായി മുന്നോട്ടാഞ്ഞു. കൈ കൊണ്ട് തട്ടിയകറ്റാനായിരുന്നു ശ്രമം. പക്ഷേ, പന്ത് സ്വന്തം വലയിലേക്ക്. ദാനഗോളില്‍ ബ്ലാസ്റ്റേഴ്സിന് ലീഡ്. പിന്നാലെ ലൂണ ബോക്സില്‍ നടത്തിയ മിന്നുന്ന നീക്കം ഗോള്‍ പ്രതീക്ഷ നല്‍കി. പക്ഷേ ബോക്സില്‍ പന്ത് ഏറ്റുവാങ്ങാന്‍ ആരുമുണ്ടായില്ല. നോഹ ഓടിയെത്തിയെങ്കിലും ബോക്സില്‍ വീഴുകയായിരുന്നു. ഇതിനിടെ മുഹമ്മദന്‍സ് മുന്നേറ്റം ബോക്സില്‍ നടത്തിയ ഗോള്‍ നീക്കം ഹോര്‍മിപാം തടഞ്ഞു.
74ാം മിനിറ്റില്‍ നോഹയുടെ കരുത്തുറ്റ അടി ഭാസ്‌കര്‍ തട്ടിയകറ്റി. വീണ്ടും ആക്രമണം. ഇക്കുറി ലൂണയുടെ കോര്‍ണര്‍ ഭാസ്‌കര്‍ ഒറ്റക്കൈകൊണ്ട് കുത്തിയകറ്റിയെങ്കിലും പന്ത് വീണ്ടും ബോക്സിലേക്കെത്തി. പെപ്ര പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. 80ാംമിനിറ്റില്‍ മറ്റൊരു മനോഹര നീക്കം. ലൂണയുടെ കോര്‍ണര്‍ക്ക് കിക്ക് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പന്ത് വീണ്ടും ലൂണയുടെ കാലില്‍. സമയമെടുത്ത് ക്യാപ്റ്റന്‍ അടിതൊടുത്തു.
ഇടതുഭാഗത്ത് കോറു സിങ്ങിനാണ് പന്ത് കിട്ടിയത്. കോറുവിന്റെ മനോഹരമായ ക്രോസ് അതിലുംമനോഹരമായി നോഹ തലവച്ചു. ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നില്‍. വീണ്ടും വലകണ്ടെങ്കിലും ഓഫ് സൈഡായി. സന്ദീപിന് പകരമെത്തിയ ഐബന്‍ബ ദോഹ്ലിങ് തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. ഇതിനിടെ ഡാനിഷ്, നോഹ എന്നിവര്‍ക്ക് പകരം ലാൽതന്‍മാവിയ റെന്ത്ലെയ്, കൊയെഫ് എന്നിവര്‍ കളത്തിലെത്തി. ഇറങ്ങി നാലാം മിനിറ്റില്‍ കൊയെഫ് ഗോളടിച്ചു. ലൂണ അവസരമൊരുക്കി. അടുത്ത മത്സരം 29ന്, ജംഷഡ്പുര്‍ എഫ്സിയാണ് എവേ ഗ്രൗണ്ടിലെ എതിരാളികള്‍.