FeaturedKeralaNews

രാജ്യത്ത് ആദ്യമായി ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ച് കേരളം

കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് കേരള സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികള്‍ക്ക് തറവില തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും അതുവഴി സംസ്ഥാനത്തിന്റെ അഭ്യന്തര പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നിങ്ങനെ നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ഈ പദ്ധതിപ്രകാരം ആദ്യഘട്ടത്തില്‍ തറവില നിശ്ചയിക്കുന്നത്. ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു

ഉല്‍പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും, കാലാകാലങ്ങളില്‍ തറവില പുതുക്കി നിശ്ചയിക്കാനും ഉള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും ഈ പദ്ധതിയില്‍ സംഭരണവിതരണ സംവിധാനങ്ങള്‍ ഏകോപിക്കുന്നത്. ഈ ഘട്ടത്തില്‍ കൃഷിയിലേയ്ക്ക് വരുന്ന പുതിയ കര്‍ഷകര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും തൊഴിലുമായി മുന്നോട്ടു പോകാനുള്ള കരുത്തും ധൈര്യവും നല്‍കുന്നതായിരിക്കും ഈ പദ്ധതിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങള്‍ മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ നിന്നും നേരിട്ട് സംഭരിക്കുന്നതിന് കേരളം ഊര്‍ജിത ശ്രമം ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ വഴി സംഭരിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സവാളയുടെയും മറ്റും വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണി നിയന്ത്രിക്കുന്നതിന് നേരിട്ടുള്ള സംഭരണം ആവശ്യമാണെന്നും കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കാനും നേരിട്ടുള്ള സംഭരണം ഉപകരിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button