തിരുവനന്തപുരം: വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് തീരുമാനം വ്യക്തമാക്കിയത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കും.
കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും എം.ആര്‍.പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.
അതേസമയം ബാറുകള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. എന്നാല്‍ പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകള്‍ അടച്ചിടാന്‍ അസോസിയേഷന്‍ യോഗം തീരുമാനിച്ചു. പുതിയ ഉത്തരവ് മൂലം ബാറുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.
മദ്യ വില്‍പ്പനയിലെ ലാഭം ഉപയോഗിച്ച് നല്‍കുന്ന കണ്‍സ്യൂമര്‍ ഫെഡിന്‍റെ കിറ്റ് വിതരണത്തെയും ഇത് ബാധിക്കും. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചെറിയ ലാഭം പോലുമില്ലാതെ മദ്യവില്‍പ്പന നടത്താന്‍ കഴിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് നിലപാട്. ഈ സാഹചര്യത്തില്‍ മദ്യത്തിന്‍റെ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഔട്ട് ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.