
കോട്ടയം: ബാറിൽ വിതരണംചെയ്ത മദ്യത്തിൻറെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തയാളെ ബാർ ജീവനക്കാരൻ മർദിച്ചു. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബാർ ജീവനക്കാരൻ കുമരകം സ്വദേശി ബിജു അറസ്റ്റിലായി. ബാറിന്റെ ഉദ്ഘാടനദിവസമാണ് അക്രമമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കോട്ടയം എം.സി റോഡിൽ വെമ്പള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാറിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു ഈ ബാറിന്റെ ഉദ്ഘാടനം. തനിക്ക് ഗ്ലാസിലൊഴിച്ചുതന്ന മദ്യത്തിന്റെ അളവ് കുറവായിരുന്നെന്ന് നാട്ടുകാരനായ ഒരാൾ ബിജുവിനോട് പരാതി പറഞ്ഞു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്നതാണ് ബിജുവിനെ പ്രകോപിതനാക്കിയത്. പരാതിക്കാരനെ ഗ്ലാസുകൊണ്ട് എറിഞ്ഞുവീഴ്ത്തിയ ശേഷം മർദിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ബാർ കൗണ്ടറിന് സമീപത്തുണ്ടായിരുന്ന എല്ലാവർക്കുനേരേയും ബിജു ഗ്ലാസ് കൊണ്ടെറിഞ്ഞു. മുന്നിലുണ്ടായിരുന്ന ഗ്ലാസുകളെല്ലാം എറിഞ്ഞ് തീർത്തതിനുശേഷം സമീപത്ത് സൂക്ഷിച്ചിരുന്ന വേറേയും ഗ്ലാസുകളുപയോഗിച്ച് ഇയാൾ അക്രമം തുടർന്നു. കുറവിലങ്ങാട് പോലീസ് പിന്നീട് ബിജുവിനെ അറസ്റ്റ് ചെയ്തു. വെമ്പള്ളി സ്വദേശിയാണ് മർദനമേറ്റയാൾ. ഇദ്ദേഹം ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു.