FeaturedHome-bannerKeralaNews

വടകരയിലെ ബാങ്കിൽ നിന്നും 26 കിലോ പണയ സ്വർണ്ണം തട്ടിയെടുത്ത കേസ്:ബാങ്ക് മാനേജർ അറസ്റ്റിൽ

കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിൽ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധു ജയകുമാർ പിടിയിലായി. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധു ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു. 

സ്വർണവുമായി മുങ്ങിയ മുൻ മാനേജർ വീഡിയോ സന്ദേശവുമായി രം​ഗത്ത് എത്തിയിരുന്നു. വടകരയിലെ ഒരു പ്രാദേശിക ഓൺ ലൈൻ ചാനലിനാണ് 23 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഇയാൾ കൈമാറിയത്. സോണൽ മാനേജർ അരുണിനെതിരേ ഇയാൾ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇരുട്ട് മുറിയിൽ മുഖം മാത്രം വ്യക്തമാവുന്ന വിധത്തിലാണ് വീഡിയോ പുറത്ത് വിട്ടത്. അതേസമയം, കാണാതായ സ്വർണത്തെ കുറിച്ച് വീഡിയോയിൽ മറുപടിയില്ല.

‘എല്ലാർക്കും നമസ്ക്കാരം. ഞാനാണ് മധു ജയകുമാർ. എൻ്റെ പേരിലാണ് ഗോൾഡ് ലോണിൻ്റെ പഴി ഉള്ളത്. ഞാൻ ലീവ് എടുത്തിട്ടാണ് വടകരയിൽനിന്ന് പോയത്. ലീവ് ആയതിന് കാരണം എൻ്റെ അച്ഛനും എനിക്കും സുഖമില്ലാത്തതിനാലാണ്. ഞാൻ ലീവ് എടുക്കുന്നത് സംബന്ധിച്ച് ഒഫീഷ്യല്‍ ആയി മെയിൽ ചെയ്തിട്ടുണ്ട്. ഞാൻ മിസ്സിംങ് ആയില്ല. അഞ്ചാം തീയതി ആണ് ഞാൻ വടകരനിന്ന് ലീവെടുത്ത് പോന്നിട്ടുള്ളത്. ചെയ്യാത്ത തെറ്റിന് ഞാന്‍ നായയെ പോലെ അലയുകയാണ്.

സോണൽ മനേജറുടെ നിർദേശപ്രകാരമാണ് ബാങ്കിൽ ഗോൾഡ് പണയം വെച്ചത്. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് പണയപ്പെടുത്തിയത്. അവർക്ക് 15-ഓളം ബ്രാഞ്ചുകൾ ഉണ്ട്. ഒരു വർഷം മുമ്പ് അരുൺ എന്ന സോണൽ മാനേജറാണ് ഇവരെ പറഞ്ഞ് വിടുന്നത്. എല്ലാ ബ്രാഞ്ചുകൾക്കും നിർദേശം നൽകി. എട്ട് ശതമാനം പലിശക്ക് അഗ്രികൾച്ചറൽ ലോൺ ആയാണ് പണയം. ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പും സോണൽ മാനേജറുമായി ബന്ധം ഉണ്ടെന്ന് എനിക്ക് സംശയം ഉണ്ട്. ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പിൻ്റെ ഗോൾഡ് ആദ്യം പണയം വെച്ചത് മലപ്പുറം ബ്രാഞ്ചിലാണ്.

25 ലക്ഷത്തിനാണ് പണയം വെച്ചത്. ഒരാളുടെ പേരിൽ ഒരു കോടി വരെ കൊടുത്തിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, വടകര കോഴിക്കോട്, സുൽത്താൻ ബത്തേരി, താമരശ്ശേരി ബ്രാഞ്ചുകളിൽ ഈ ഗ്രൂപ്പിൻ്റെ ഗോൾഡ് ലോൺ ഉണ്ട്. എന്നാലിവർക്ക് ബാങ്ക് നിയമപ്രകാരം അഗ്രി കൾച്ചറൽ ലോൺ കൊടുക്കാൻ പാടില്ല. നിലവിലെ മാനേജർ ഇർഷാദിന് ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പുമായി ബന്ധമുണ്ട്. ചെയ്യാത്ത തെറ്റിന് ഞാൻ നായ് പോലെ അലയുകയാണ്. വടകരയിലെ എല്ലാവർക്കും അറിയാം, ബാങ്കിലുള്ളവർക്കും അറിയാം ഞാൻ എത്ര മാത്രം പെർഫോമൻസ് ചെയ്ത മാനേജറാണെന്ന്. എൻ്റെ ജീവൻ രക്ഷിക്കണം, മധു വീഡിയോയിൽ പറയുന്നു.

എടോടി ശാഖയിൽ നിന്ന് 26 കിലോ സ്വർണവുമായി മുൻ മാനേജരായ മധു ജയകുമാർ മുങ്ങിയെന്നാണ്‌ പരാതി. 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. മാനേജർ ഇർഷാദിൻ്റ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശിയാണ് മധുജയകുമാർ (34).

മൂന്ന് വർഷത്തോളം ബാങ്കിന്റെ വടകര ശാഖയിൽ മാനേജരായിരുന്ന മധുജയകുമാറിന് ജൂലായ് ആറിന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം കിട്ടി. വടകര ശാഖയിൽ പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലായ് ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥലമാറ്റം ലഭിച്ചെങ്കിലും മധുജയകുമാർ പാലാരിവട്ടത്ത് ജോലിയിൽ പ്രവേശിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker