ചിറ്റഗോറം: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ മെഹ്ദി ഹസനും 13 റണ്‍സോടെ എബദോതത് ഹൊസൈനും ക്രീസില്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റെടുത്തു.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിലെ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജ് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ നജീമുള്‍ ഹൊസൈന്‍ ഷാന്‍രോ(0) പുറത്തായി. സ്കോര്‍ രണ്ടക്കം കടക്കും മുമ്പെ യാസിര്‍ അലിയെ(4)ഉമേഷും മടക്കി. സാക്കിര്‍ ഹസനും(20), ലിറ്റണ്‍ ദാസും(24) ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും ഇരുവരെയും മടക്കി സിറാജ് ബംഗ്ലാദേശിനെ 56-4ലേക്ക് തള്ളിയിട്ടു.
മുഷ്ഫീഖുര്‍ റഹീം(28) പ്രതീക്ഷ നല്‍കിയെങ്കിലും കുല്‍ദീപ് യാദവ് ബംഗ്ലാദേശിന്‍റെ നടുവൊടിച്ചു. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ(3) വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ കുല്‍ദീപ് പിന്നാലെ മുഷ്ഫീഖുറിനെയും നൂറുല്‍ ഹസനെയും(16), തൈജുള്‍ ഇസ്ലാമിനെയും(0) വീഴ്ത്തി ബംഗ്ലാദേശിനെ 102-8ലേക്ക് തള്ളിയിട്ടു. പിരിയാത്ത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 30 റണ്‍സടിച്ച എബാദോത്ത്-മെഹ്ദി സഖ്യമാണ് ബംഗ്ലാദശിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 132ല്‍ എത്തിച്ചത്.
ഇന്ത്യക്കായി സിറാജ് 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് 33 റണ്‍സിന് നാലു വിക്കറ്റെടുത്തു. അശ്വിനും അക്സറിനും വിക്കറ്റൊന്നും വീഴ്ത്താനായില്ല.
നേരത്തെ വാലറ്റക്കാരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ആദ്യദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്ത ഇന്ത്യ രണ്ടാം ദിനം അശ്വിന്‍റെ അര്‍ധസെഞ്ചുറിയുടെയും കുല്‍ദീപ് യാദവിന്‍റെ ബാറ്റിംഗിന്‍റെയും മികവില്‍ രണ്ടാം ദിനം ലഞ്ചിന് ശേഷം 404 റണ്‍സെടുത്ത് പുറത്തായി. 58 റണ്‍സടിച്ച അശ്വിനും 40 റണ്‍സടിച്ച കുല്‍ദീപ് യാദവും 15 റണ്‍സടിച്ച കുല്‍ദീപ് യാദവും ഇന്ത്യക്കായി തിളങ്ങി. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാമും മെഹ്ദി ഹസനും നാല് വിക്കറ്റ് വീതം വീഴ്ത്തി.