ചോക്ലേറ്റ് വാങ്ങാന്‍ നദി നീന്തിക്കടന്ന് ഇന്ത്യയിലെത്തി; ബംഗ്ലദേശി ബാലന്‍ കുടുങ്ങി
അഗര്‍ത്തല : ചോക്ലേറ്റ് വാങ്ങാന്‍ അനധികൃതമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലദേശി ബാലനെ ബിഎസ്എഫ് പിടികൂടി. ബംഗ്ലദേശിലെ കോമില്ല ജില്ലയില്‍ നിന്നുള്ള ഇമാന്‍ ഹുസൈന്‍ ആണ് പിടിയിലായത്. ത്രിപുരയിലെ ശിപാഹിജാല ജില്ലയില്‍ ശാല്‍ദ നദി നീന്തിക്കടന്നെത്തി ഇമാന്‍ സ്ഥിരമായി ചോക്ലേറ്റ് വാങ്ങുമായിരുന്നു.
അതിര്‍ത്തിയിലെ മുള്ള് വേലിയുടെ ഇടയിലുള്ള വിടവിലൂടെയാണ് ഇമാന്‍ ഇന്ത്യയിലെത്തിയിരുന്നത്. കലംചൗര ഗ്രാമത്തിലെ കടയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങി ഇതേ വിടവിലൂടെ തിരിച്ച് ബംഗ്ലദേശിലെത്തും. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സേനയുടെ പിടിയിലാവുകയായിരുന്നു.
ചോക്ലേറ്റ് വാങ്ങാനാണ് ഇന്ത്യയിലേക്കെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചതായി സോനമുര സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ബനോജ് ബിപ്ലബ് ദാസ് അറിയിച്ചു. ആകെ 100 ബംഗ്ലദേശി താക്ക മാത്രമാണ് കൗമാരക്കാരനായ കുട്ടിയുടെ കയ്യിലുണ്ടായിരുന്നതെന്നും അനധികൃതമായി ഒന്നും തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. അവശ്യസാധനങ്ങള്‍ വാങ്ങാനും ചടങ്ങുകളില്‍ പങ്കെടുക്കൊനുമൊക്കെയായി ബംഗ്ലദേശികള്‍ പലപ്പോഴും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താറുണ്ട്. മാനുഷിക പരിഗണന നല്‍കി ഇവരെ പലപ്പോഴും ബിഎസ്എഫ് വിട്ടയയ്ക്കുകയാണ് പതിവ്. കുട്ടി ചോക്ലേറ്റ് വാങ്ങാനെത്തിയിരുന്ന കലംചൗരയില്‍ പല വീടുകളുടെയും കിടപ്പ്മുറികള്‍ക്കും ലിവിങ് റൂമിനുമൊക്കെ അകത്ത് കൂടിയാണ് അതിര്‍ത്തി കടന്ന് പോകുന്നത്. ഇതുകൊണ്ട് തന്നെ കുറേയധികം സ്ഥലങ്ങളില്‍ മുള്ള് വേലിയില്ല.