
ചെന്നൈ:പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയെ ഹോംഗ്രൗണ്ടില്‍ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു.50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമയാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ബംഗളൂരു വിരാമമിട്ടത്.ബൗളിങ്ങ് മികവിലായിരുന്നു ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയം.ബംഗളൂരു ഉയര്‍ത്തിയ 197 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൂപ്പര്‍ കിങ്സിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്.സീസണിലെ ബംഗളൂരുവിന്റെ രണ്ടാം ജയമാണിത്.ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ബെംഗളൂരു തോല്‍പിച്ചിരുന്നു.
ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.എട്ട് റണ്‍സിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി.രാഹുല്‍ ത്രിപതി(5),ഋതുരാജ് ഗെയ്ക്വാദ്(0)എന്നിവര്‍ വേഗം മടങ്ങി. പിന്നാലെ ദീപക് ഹൂഡയും(4) സാം കറനും(8) പുറത്തായി.
ടീം 52-4 എന്ന നിലയിലേക്ക് വീണു.ഓപ്പണര്‍ രചിന്‍ രവീന്ദ്ര മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.41 റണ്‍സെടുത്ത താരത്തെ യാഷ് ദയാല്‍ കൂടാരം കയറ്റിയതോടെ ചെന്നൈ പ്രതിരോധത്തിലായി.പിന്നീട് വന്നവര്‍ക്കാര്‍ക്കും ടീമിനെ കരകയറ്റാനായില്ല.
ശിവം ദുബൈ(19), രവിചന്ദ്രന്‍ അശ്വിന്‍(11), രവീന്ദ്ര ജഡേജ(25) എന്നിവര്‍ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.ധോനി അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് തോല്‍വിഭാരം കുറച്ചത്.20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിന് ചെന്നൈയുടെ ഇന്നിങ്‌സ് അവസാനിച്ചു.മൂന്നുവിക്കറ്റെടുത്ത ഹേസല്‍വുഡ് ബെംഗളൂരുവിനായി തിളങ്ങി.യഷ് ദയാല്‍, ലിയാം ലിവിങ്സ്റ്റന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തേ നിശ്ചിത 20-ഓവറില്‍ 196 റണ്‍സാണ് ബെംഗളൂരു അടിച്ചെടുത്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെ തുടക്കം മികച്ചതായിരുന്നു.ഓപ്പണര്‍മാരായ കോലിയും ഫിലിപ് സാള്‍ട്ടും അടിച്ചുകളിച്ചു.അഞ്ചാം ഓവറിലെ അവസാനപന്തില്‍ സാള്‍ട്ടിനെ നൂര്‍ അഹമ്മദ് പുറത്താക്കി.
16 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് താരം പുറത്തായത്. മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും(27) വേഗം സ്‌കോറുയര്‍ത്തി. എന്നാല്‍ മറുവശത്ത് കോലി സാവധാനമാണ് സ്‌കോറുയര്‍ത്തിയത്.
ടീം സ്‌കോര്‍ 117-ല്‍ നില്‍ക്കേ കോലി(31) പുറത്തായി. എന്നാല്‍ നായകന്‍ രജിത് പടിദാര്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ആര്‍സിബി സ്‌കോര്‍ 150-കടന്നു. ലിയാം ലിവിങ്‌സ്റ്റോണ്‍(10), ജിതേഷ് ശര്‍മ(12), ക്രുണാല്‍ പാണ്ഡ്യ(0) എന്നിവര്‍ നിരാശപ്പെടുത്തി. രജത് പടിദാര്‍ 32-പന്തില്‍ നിന്ന് 51 റണ്‍സെടുത്തു.
അവസാന ഓവറിലെ ടിം ഡേവിഡിന്റെ വെടിക്കെട്ടാണ് ടീം സ്‌കോര്‍ 196-ലെത്തിച്ചത്. താരം എട്ട് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റും മതീഷ പതിരണ രണ്ട് വിക്കറ്റുമെടുത്തു.