KeralaNews

വന്ദേഭാരതിൽ ബന്ധുയാത്ര;എം.പിയുടെ വാര്‍ത്താസമ്മേളനം; പരീക്ഷണ ഓട്ടത്തിനിടെ സുരക്ഷാവീഴ്ച

കാസർകോട്: വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിൽ സുരക്ഷാവീഴ്ച. തീവണ്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ അതിൽ യാത്രചെയ്യാൻ പാടുള്ളൂവെന്നിരിക്കെ യുവതിയും കൈക്കുഞ്ഞുമുൾപ്പെടെ പലരും യാത്രചെയ്തതാണ്‌ വിവാദമായിരിക്കുന്നത്‌. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് പരീക്ഷണയാത്രയിൽ തീവണ്ടിയിൽ കയറിക്കൂടിയതെന്നാണ്‌ സൂചന.

എറണാകുളത്തുനിന്ന്‌ കയറിയ അവരിൽ ചിലർ സി 12 കോച്ചിലാണ് യാത്രചെയ്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനുള്ള ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ചും അവർ യാത്ര തുടരുകയായിരുന്നു. കാസർകോട്ട് തീവണ്ടി നിർത്തിയപ്പോൾ സി 12 കോച്ചിന്റെ ജനൽ കർട്ടനുകൾ മറച്ച നിലയിലായിരുന്നു. വിഷയം മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതായി തിരിച്ചറിഞ്ഞപ്പോൾ അവർ കാസർകോട്ട് ഇറങ്ങി. പിന്നീട് അവരെ വി.ഐ.പി. മുറിയിലേക്ക് മാറ്റി പിന്നാലെ വന്ന ഭാവ്‌നഗർ-കൊച്ചുവേളി തീവണ്ടിയിൽ കയറ്റിവിട്ടു.

വന്ദേഭാരത് എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. തീവണ്ടിക്കുള്ളിൽ മാധ്യമങ്ങളെ കണ്ടതിലും വിവാദം. സി ഒന്ന് കോച്ചിലാണ് എം.പി., എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്‌റഫ് എന്നിവർക്കൊപ്പം ചാനലുകളോട് പ്രതികരിച്ചത്. 10 മിനിറ്റോളം എം.പി. മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

വന്ദേഭാരത് ബി.ജെ.പി.യുടെ തറവാട്ട്‌ സ്വത്തല്ലെന്നും കേരളത്തിലെ ജനങ്ങളാകെ സ്വീകരിക്കുമായിരുന്ന തീവണ്ടിയെ ഒരു സുപ്രഭാതത്തിൽ പ്രഖ്യാപിച്ച് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയായിരുന്നുവെന്നുമാണ് എം.പി. പറഞ്ഞത്. നിരന്തര ഇടപെടലുകളുടെ ഫലമാണ് വന്ദേഭാരത് കാസർകോട്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷണ ഓട്ടം നടത്തുന്ന തീവണ്ടിക്കുള്ളിൽ മാധ്യമങ്ങളെ കണ്ടത് സുരക്ഷാവീഴ്ചയും പ്രോട്ടോകോൾ ലംഘനവുമാണെന്നാണ് ആക്ഷേപം. അത്തരം നടപടികൾ അനുവദനീയമല്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ പരാതി സംബന്ധിച്ച്‌ ഒന്നുമറിയില്ലെന്ന്‌ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

നാനാതുറകളിൽനിന്നുള്ള ആവശ്യങ്ങൾക്കൊടുവിൽ കാസർകോട്ടെത്തിയ വന്ദേഭാരത് എക്സ്‌പ്രസിന് ആവേശം മുറ്റിനിന്ന അന്തരീക്ഷത്തിൽ സ്വീകരണം.

കണ്ണൂരിൽനിന്ന് പുറപ്പെട്ടുവെന്നറിഞ്ഞത് മുതൽ പുതിയ തീവണ്ടിയെ സ്വീകരിക്കാൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ ആളുകളെത്തിയിരുന്നു.

ലോക്കോ പൈലറ്റിനും അസി. ലോക്കോ പൈലറ്റിനും പുഷ്പഹാരവും പൂച്ചെണ്ടും നൽകിയും തീവണ്ടിക്ക് മാലചാർത്തിയുമാണ് കാസർകോട്ട് വന്ദേഭാരതിനെ വരവേറ്റത്.

ആദ്യ പരീക്ഷണ ഓട്ടം നടത്തിയ സമയത്ത് വിവിധ സ്റ്റേഷനുകളിൽ ബി.ജെ.പി. പ്രവർത്തകരാണ് ആവേശപൂർവം സ്വീകരണമൊരുക്കിയതെങ്കിൽ കാസർകോട്ടെ കാഴ്ച വ്യത്യസ്തമായി. ഒരു ഭാഗത്ത് ബി.ജെ.പി. നേതാക്കളും പ്രവർത്തകരും പതാക ഉയർത്തി മുദ്രാവാക്യം വിളിച്ചപ്പോൾ അല്പം മാറി കോൺഗ്രസ്-ലീഗ് പ്രവർത്തകരും നേതാക്കളും പതാക വീശി മുദ്രാവാക്യം മുഴക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയ് വിളിച്ചും വന്ദേമാതരം മുഴക്കിയും ബി.ജെ.പി. പ്രവർത്തകർ രംഗം കൊഴുപ്പിക്കുകയും ജനകീയ എം.പി.ക്കും എം.എൽ.എ.ക്കും അഭിവാദ്യങ്ങളർപ്പിച്ച് യു.ഡി.എഫ്. പ്രവർത്തകരും ആവേശം കൊള്ളുകയും ചെയ്തതോടെ വന്ദേഭാരത് എക്സ്‌പ്രസ് കാസർകോട്ടെത്തിയ സമയത്തെ കാഴ്ച തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം പോലെയായി.

ബി.ജെ.പി. പ്രവർത്തകർ ലഡു വിതരണം ചെയ്തും വന്ദേഭാരതിന്റെ കാസർകോട്ടേക്കുള്ള വരവ് ആഘോഷമാക്കി.കാസർകോട്‌ മൂന്നാം പ്ളാറ്റ്‌ഫോമിൽ നിർത്തിയിട്ട വന്ദേഭാരതിന്‌ മുന്നിൽ പാളത്തിൽ ഇറങ്ങിനിന്നും അല്ലാതെയും സെൽഫിയെടുക്കാൻ ജനങ്ങൾ മത്സരിക്കുകയായിരുന്നു.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ രവീശതന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്‌, ജില്ലാ ജനറൽ സെക്രട്ടറി എം.വേലായുധൻ, മഹിളാമോർച്ച ദേശീയ സെക്രട്ടറി പ്രമീള സി.നായ്‌ക്‌, കോൺഗ്രസ്‌ നേതാക്കളായ കെ.നീലകണ്ഠൻ, ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ, ഹക്കീം കുന്നിൽ, എ.ഗോവിന്ദൻ നായർ, വിനോദ്‌ കുമാർ പള്ളയിൽ വീട്‌, മുസ്‌ലിം ലീഗ്‌ നേതാവ്‌ മാഹിൻ കേളോട്ട്‌ തുടങ്ങിയവർ സ്റ്റേഷനിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker