CrimeKeralaNews

സിബിഐയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ലക്ഷ്മി; ബാലുവിനെ കൊന്നത് അവര്‍ തന്നെയെന്ന് കുടംബം

തിരുവനന്തപുരം:മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് ബാലഭാസ്‌കറിന്റെ മരണം. അന്ന് പുറത്ത് വന്ന ഓരോ കഥകള്‍ കേട്ടപ്പോഴേ മലയാളികള്‍ ഉറപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ മരണം യാഥൃശ്ചികമല്ല. ആരോ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന്. അതേസമയം സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും അപകടത്തിനപ്പുറം ഒന്നും പുറത്ത് വന്നില്ല. പലപ്പോഴായി സംശിച്ചവരുടെ പലമുഖങ്ങള്‍ വെളിവാകുകയും ചെയ്തു. അവസാനം ബാലഭാസ്‌കറിന്റെ കുടുംബത്തിന് നീതി ഉറപ്പിച്ച് സിബിഐ എത്തിയിരിക്കുകയാണ്.

അന്ന് പുശ്ചിച്ച് തള്ളിയ നിര്‍ണായകമായ വിവരങ്ങളാണ് ബാലഭാസ്‌കറിന്റെ ഭാര്യയും മാതാപിതാക്കളും നല്‍കിയത്. എല്ലാം നീളുന്നത് സ്വര്‍ണക്കടത്തിലേക്കാണ്. മകന്റെ മരണത്തില്‍ ഏറെ സംശയങ്ങളുണ്ടെന്നും താന്‍ സംശയിച്ചിരുന്ന ചിലര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലും പ്രതികളായതോടെ ദുരൂഹത വര്‍ദ്ധിച്ചെന്നാണ് വിതുമ്പലിനിടെ പിതാവ് സി.കെ. ഉണ്ണി സി.ബി.ഐയ്ക്ക് മൊഴിനല്‍കിയത്.

അതേസമയം മൊഴി നല്‍കുമ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പലഘട്ടങ്ങളിലും പൊട്ടിക്കരയുന്ന അവസ്ഥയിലായിരുന്നു. ബാലുവിന്റെ ഓര്‍മ്മകള്‍ പലപ്പോഴും നെടുവീര്‍പ്പിലവസാനിച്ചു. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനായിരുന്നെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന് ബന്ധമില്ല. വിഷ്ണു സോമസുന്ദരവും പ്രകാശന്‍തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ല. ബാലുവിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശന്‍. മാനേജരോ സ്ഥിരം ജീവനക്കാരനോ അല്ല. ബാലഭാസ്‌കറുമായി പ്രകാശ് തമ്പി അടുപ്പത്തിലാകുന്നതു ജിംനേഷ്യത്തിലാണ്. ബാലുവിന്റെ ട്രെയിനറായിരുന്നു തമ്പി. ഇതിനിടെ വിദേശത്തു പോയപ്പോള്‍ സംഗീതപരിപാടികള്‍ ഏകോപിപ്പിക്കുന്ന ജോലിയും തമ്പി ഏറ്റെടുത്തു. മറ്റ് പലരും ഈ ജോലി ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കാലം മുതല്‍ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്ണു. വന്‍ഹോട്ടലുകളില്‍ അടുക്കള നിര്‍മ്മാണത്തിന് സാധനങ്ങള്‍ നല്‍കുന്ന ബിസിനസില്‍ ബാലുവും പങ്കാളിയായിരുന്നു.

പാലക്കാട് ആയുര്‍വേദ ആശുപത്രി നടത്തുന്ന ലതയെ സംഗീതപരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ഒരു തവണ പണം കടം നല്‍കിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലു പണം കൈകാര്യം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ക്ഷേത്രദര്‍ശനത്തിനു ശേഷം തൃശൂരില്‍ നിന്ന് രാത്രിയില്‍ തന്നെ മടങ്ങാന്‍ തീരുമാനിച്ചത് ബാലുവാണ്. ഒരു സിനിമയുടെ സംഗീത ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാലാണിത്. തൃശൂരില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ബാലുവിന് ഒരു ഫോണ്‍ വന്നതൊഴിച്ചാല്‍ പിന്നെ വിളികളുണ്ടായിട്ടില്ല. അപകടമുണ്ടായപ്പോള്‍ മകളെ ഉറക്കാനുള്ള ശ്രമത്തിലായിരുന്നു താന്‍. ബാലു പിന്‍സീറ്റിലും താന്‍ മുന്‍സീറ്റിലുമായിരുന്നു. അര്‍ജുനായിരുന്നു ഡ്രൈവര്‍. കാറിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിവാഹത്തില്‍ അണിയാന്‍ ലോക്കറില്‍ നിന്നെടുത്തതാണ്. കൊല്ലത്ത് എത്തി കാര്‍ നിറുത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനു ശേഷവും അര്‍ജുന്‍ തന്നെയാണ് ഓടിച്ചത്. പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായി തോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓര്‍മ്മയില്ല… എന്നാണ് പൊട്ടിക്കരച്ചിലോടെ ലക്ഷ്മി മൊഴിനല്‍കിയത്.

അപകടം ആസൂത്രിതമാണെന്ന് വിശ്വസിക്കുന്നതായി പിതാവ് കെ സി ഉണ്ണിയും അമ്മ ശാന്തകുമാരിയും മൊഴി നല്‍കി.പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അപകട ശേഷം പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെയും പൂന്തോട്ടം കുടുംബത്തിന്റെയും പെരുമാറ്റം ദൂരൂഹത നിറഞ്ഞതായിരുന്നു. ആശുപത്രിയില്‍നിന്ന് തങ്ങളെ അകറ്റി നിര്‍ത്താന്‍ ഇരുവരും ശ്രമിച്ചു. ബാലഭാസ്‌കറിന്റെ എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ തമ്പി കൈവശപ്പെടുത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായും വിവരം ലഭിച്ചു. വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നു. താനല്ല, ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുന്‍ പിന്നീട് തിരുത്തിയതിലും ദുരൂഹതയുണ്ട്.

അവസാന ദിവസവും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു. വ്യക്തമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചുണ്ടനക്കം ശ്രദ്ധിച്ചാല്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. തമ്പിയും വിഷ്ണും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായത് അപകടവുമായി ബന്ധപ്പെട്ട സംശയം ബലപ്പെടുത്തിയതായും വിതുമ്പലിനിടെ അവര്‍ മൊഴി നല്‍കി. ഇവരുടെ മൊഴികള്‍ അടിസ്ഥാനമാക്കി പ്രതികളെ പൊക്കാനൊരുങ്ങുകയാണ് സിബിഐ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker