ക്രിസ്തുമസിന് പള്ളിയില്‍ പോവുന്ന ഹിന്ദുക്കളെ തല്ലിച്ചതക്കും; ഭീഷണിയുമായി ബജ്റംഗ് ദള്‍
ഗുവാഹത്തി: ക്രിസ്തുമസിന് പള്ളിയില്‍ പോവുന്ന ഹിന്ദുക്കളെ തല്ലിച്ചതക്കുമെന്ന ഭീഷണിയുമായി ബജ്റംഗ് ദള്‍. അസമിലെ കച്ചര്‍ ജില്ലയിലെ ബജ്റംഗ്ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ഭീഷണിയുമായി രംഗത്തെത്തിയത്. സില്‍ചാറിലെ ബജ്റംഗ്ദള്‍ ദേശീയ കണ്‍വീനര്‍ സോഹന്‍ സിങ് സോളങ്കി പങ്കെടുത്ത യോഗത്തിലാണ് മിഥുന്‍ നാഥ് ഭീഷണി മുഴക്കിയത്.
ക്രിസ്തുമസ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങള്‍ അനുവദിക്കില്ല. ‘ഓറിയന്റല്‍ സ്‌കൂളിനു നേരെ ബജ്റംഗ് ദള്‍ ഗുണ്ടാ ആക്രമണം’ എന്നായിരിക്കും ഡിസംബര്‍ 26ലെ എല്ലാ പത്രങ്ങളും പറയുക. പക്ഷേ, അതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും മിഥുന്‍ നാഥ് പറഞ്ഞു.
”ഡിസംബര്‍ 26ലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ എങ്ങനെയാവുമെന്ന് എനിക്കറിയാം. ‘ഓറിയന്റല്‍ സ്‌കൂളിനു നേരെ ബജ്റംഗ് ദള്‍ ഗുണ്ടാ ആക്രമണം’ എന്നായിരിക്കും എല്ലാ പത്രങ്ങളും പറയുക. പക്ഷേ, അതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. ഷില്ലോങില്‍ ക്ഷേത്രകവാടങ്ങള്‍ അവര്‍ അടച്ചു പൂട്ടുമ്പോള്‍ ഇവിടെ അവരുടെ ക്രിസ്തുമസ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങള്‍ അനുവദിക്കില്ല’- മിഥുന്‍ നാഥ് ഭീഷണിപ്പെടുത്തി പറഞ്ഞു. ഗുണ്ടാ ഗാങെന്നല്ല, മാധ്യമങ്ങള്‍ ഞങ്ങളെ കുറിച്ച് എന്തു പറഞ്ഞാലും പ്രശ്നമില്ല. ഹിന്ദു പെണ്‍കുട്ടികളെ ആരെങ്കിലും തൊട്ടാല്‍ നമ്മള്‍ ഗുണ്ടകളാവും. അതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും മിഥുന്‍ നാഥ് പറഞ്ഞു.
നേരത്തേ, ഷില്ലോങ് ക്വിന്റണ്‍ റോഡിലെ രാമകൃഷ്ണ മിഷനു കീഴിലുള്ള വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ അടച്ചുപൂട്ടിയതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ക്ഷേത്രം അടച്ചുപൂട്ടുന്ന നിലയിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്നു രാമകൃഷ്ണ മിഷന്‍ തന്നെ രംഗത്തെത്തിയിരുന്നു. സൗജന്യ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ കോഴ്സുകള്‍ നല്കുന്ന സ്ഥാപനമാണ് വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍.