KeralaNews

ദേശീയ അവാര്‍ഡല്ല ഓസ്‌കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാരന്‍ എന്ന് വിളിക്കാനാകില്ല, മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭനാണ്; പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ കുത്തി നോവിക്കുന്നു; സലിം കുമാറിനെതിരെ ബൈജു കൊട്ടാരക്കര

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി തിങ്കളാഴ്ച വരാനിരിക്കെ നിരവധി വിവരങ്ങളാണ് പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ, ഇപ്പോഴിതാ 2017 ല്‍ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിം കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

സലിം കുമാറിന്, താങ്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന താങ്കളുടെ അഭിപ്രായം നന്നായിരിക്കുന്നു. ഏതു കഠിനഹൃദയനും മനസ്സില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാനാണ് നിങ്ങള്‍ ഇത്തരത്തിലുള്ള വില കുറഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. എന്തായാലും
സത്യം പുറത്തു വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത് എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്.

അല്ലാതെ ശവത്തില്‍ കുത്തുന്ന മനസ്സുളള താങ്കള്‍ ഒരു കലാകാരനാണോ എന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു. ദേശീയ അവാര്‍ഡല്ല ഓസ്‌കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാരന്‍ എന്ന് വിളിക്കാനാകില്ല. ആ നിലയ്ക്ക് നിങ്ങള്‍ കലാകാരനല്ല. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭന്‍. അല്‍പമെങ്കിലും മനസ്സാക്ഷിയോ ധാര്‍മികതയോ ഉണ്ട് എങ്കില്‍ പോസ്റ്റ് പിന്‍വലിച്ച് ആ കുട്ടിയോട് മാപ്പ് പറയണം എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

2017 ല്‍ സലീം കുമാര്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു. ‘ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീസഹോദരന്മാരാല്‍ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മള്‍ 2013ല്‍ കണ്ടതാണ്. ദിലീപ് മഞ്ജു വാരിയര്‍ ഡിവോഴ്‌സ്. പിന്നീട് പലരാല്‍ പലവിധത്തില്‍ കഥയ്ക്ക് മാറ്റം വരുത്തി. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വരെ ദിലീപിന്റെ പേരു വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണു വെളിവാക്കുന്നത്.

സംഭവം നടന്ന് അഞ്ചു മാസങ്ങള്‍ക്കുശേഷം ഇപ്പോഴാണു മറ്റൊരു വഴിത്തിരിവില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. പള്‍സര്‍ സുനി ജില്ലാ ജയിലില്‍വെച്ചു ജയിലറിന്റെ സീലോടു കൂടി എഴുതിയ കത്ത് ഇന്നലെ മുതല്‍ ചില ചാനലുകള്‍ തുടരെത്തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്നു ജില്ലാ ജയിലില്‍ വെച്ച് ജയിലറിന്റെ സീലോടുകൂടി പള്‍സര്‍ സുനി എഴുതി എന്നു പറയപ്പെടുന്ന ബ്ലാക്ക്‌മെയിലിങ് സ്വരമുള്ള കത്ത് ആദ്യം ഏല്‍പ്പിക്കേണ്ടത് പൊലീസിനെയോ മജിസ്ട്രേറ്റിനെയോ അല്ലേ. അല്ലാതെ ചില ചാനലുകള്‍ക്ക് സംപ്രേഷണം ചെയ്യാന്‍ കൊടുക്കുകയാണോ വേണ്ടത് സലീം കുമാര്‍ ചോദിച്ചു.

ഇതിനിടയില്‍ ദിലീപിനെ ഈ കേസില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ രണ്ടുമൂന്ന് നടീനടന്മാരുടെ പേരുകളും കേള്‍ക്കുന്നുണ്ട്. ഇതും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം പള്‍സര്‍ സുനി അന്തംവിട്ട പ്രതിയാണ്. അയാള്‍ എന്തും പറയും. ഈ സംഭവത്തില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചുവെച്ചിട്ടില്ല. നാദിര്‍ഷാക്കും ദിലീപിന്റെ പിഎ അപ്പുണ്ണിക്കും വന്ന വിഷ്ണു എന്നയാളുടെ ഫോണ്‍ റെക്കോര്‍ഡും വാട്‌സാപ്പില്‍ വന്ന കത്തും ഡിജിപിക്കു കൈമാറി കഴിഞ്ഞു. ജീവിതത്തില്‍ താന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരാള്‍. ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപെട്ടിട്ടില്ലാത്ത പള്‍സര്‍ സുനി എന്നൊരാള്‍ക്ക് നടിയുടെ വീഡിയോക്കുവേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്നു പറയാന്‍തക്ക വിവരമില്ലാത്തവനാണു ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍പോലും പറയില്ല. ഒരു കാര്യം സത്യമാണ്. എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയില്‍ ഇരുന്നു ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാമെന്നും സലീംകുമാര്‍ പറയുന്നു.

ഇത് ഒരു സ്‌നേഹിതനുവേണ്ടിയുള്ള വക്കാലത്തല്ല. വേട്ടയാടപ്പെടുന്ന നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോര്‍ക്കണം. ദിലീപും നാദിര്‍ഷായും എന്റെ സ്‌നേഹിതന്മാരാണ്. അതില്‍ ഞാന്‍ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ ഞാന്‍ പറയുന്നു. ഇവരെ രണ്ടുപേരെയും ശാസ്ത്രീയ നുണപരിശോധനക്കായി ഞാന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാം. ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ടത് ഒരു കാര്യം മാത്രം.

പള്‍സര്‍ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നില്‍ നുണപരിശോധനക്കായി കൊണ്ടുവരിക. അവിടെ തീരും എല്ലാം. സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്. അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ല. എന്റെ അറിവില്‍ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്ക്കായി സിനിമാരംഗത്തെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതില്‍ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും സലീം കുമാര്‍ പറഞ്ഞു.

ദിലീപ് കുറ്റവാളി ആണെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കില്‍ നമ്മള്‍ ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുകി കളയേണ്ട ബാധ്യതയും നമുക്കുതന്നെയാണ്. മാധ്യമങ്ങള്‍ സ്വന്തമായി വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുക. ഭയപ്പെടുക, പ്രതികരിക്കുക. പാസ്റ്റര്‍ നിമോളറുടെ ‘അവര്‍ ക്രിസ്ത്യാനികളെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ ക്രിസ്ത്യാനി അല്ല അവര്‍ പ്രൊട്ടസ്റ്റന്റുകളെ തേടി വന്നു. ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ പ്രൊട്ടസ്റ്റന്റ് അല്ല അവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല അവസാനം അവര്‍ എന്നെ തേടി വന്നു, അപ്പോള്‍ എനിക്കുവേണ്ടി ഭയപ്പെടാന്‍ ആരുമുണ്ടായില്ല.. എന്ന വരികളെഴുതിയാണ് സലീം കുമാര്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker