സീനിയര്‍ ഓഫീസര്‍ റൂമിലേക്ക് വിളിക്കുന്ന അവസ്ഥയായി; ഭര്‍ത്താവ് സ്ഥിരമായി അടിക്കും; ആ വാശിക്ക് ജോലി വാങ്ങി
കൊച്ചി:സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ബബിത ബബി. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ വീഡിയോകളുമായി കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ആളാണ് ബബിത. എന്നാല്‍ ബബിതയുടെ ജീവിതം അത്ര സുഖകരമായൊരു യാത്രയായിരുന്നു. ദാമ്പത്യത്തിലും തൊഴിലിടത്തും ഒരുപാട് വെല്ലുവിൡകള്‍ ബബിതയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ജോഷ് ടോക്കിലൂടെ തന്റെ ജീവിതം പറയുകയാണ് ബബിത. ആ വാക്കുകളിലേക്ക്.
ഞാന്‍ റെയില്‍വെയിലാണ് ജോലി ചെയ്യുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായിട്ടാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. കുട്ടിക്കാലത്ത് ഡാന്‍സര്‍ ആകണം എന്നതായിരുന്നു. പക്ഷെ കുടുംബത്തിലെ സാഹചര്യങ്ങള്‍ കാരണം അതിനെ ആരും പ്രോത്സാഹിപ്പിച്ചില്ല. പഠിക്കാനും മിടുക്കിയായിരുന്നില്ല. നല്ല ഉഴപ്പിയായിരുന്നു.അങ്ങനെയാണ് ഞാനൊരു സിംഹത്തിന്റെ മടയിലേക്ക് ചെന്നു കയറുന്നത്. എനിക്കൊരു പ്രണയമുണ്ടായി. അത് വിവാഹത്തിലേക്ക് എത്തി. അതോടെ എന്റെ കുടുംബം മുഴുവന്‍ എന്നെ വെറുത്തു.
അവര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്ത ആളെയായിരുന്നു ഞാന്‍ സ്വീകരിച്ചത്. അവരുടെയൊന്നും പിന്തുണയില്ലാതെയാണ് ജീവിച്ചത്. പക്ഷെ ആ ജീവിതവും എനിക്ക് തന്നത് പ്രശ്‌നങ്ങളായിരുന്നു. എന്നും പ്രശ്‌നങ്ങളായിരുന്നു. ശാരീരികമായ ഉപദ്രവമായിരുന്നു സഹിക്കാന്‍ പറ്റാതിരുന്നത്. 22 വയസില്‍ തന്നെ രണ്ട് മക്കളുടെ അമ്മയുമായി. കുട്ടികളേയും വീടും നോക്കല്‍ തന്നെയായിരുന്നു. വീട്ടുകാരുടെ പിന്തുണയില്ല, പുറത്തിറങ്ങിയാല്‍ ആളുകളുടെ അപമാനിക്കലുകള്‍.
അതോടെ ഞാന്‍ തീരുമാനിച്ചു, എന്നെ മോശം പറഞ്ഞവരെക്കൊണ്ട് എനിക്ക് നല്ലത് പറയിക്കണം! അതിന് ഒരു സര്‍ക്കാര്‍ ജോലി വേണം. സ്ഥിരം വരുമാനം വേണം എന്ന ആഗ്രഹവും അതിന് പിന്നിലുണ്ട്. അയാളുടെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ല. മൊത്തം അടിയും ഇടിയും പ്രശ്‌നങ്ങളുമാണ്. അയാളുടെ കൂടെ എനിക്കും കുട്ടികള്‍ക്കും സമാധാനമായി ജീവിക്കാന്‍ സാധിക്കില്ല. അങ്ങനെ പഠിക്കാന്‍ തുടങ്ങി. അന്ന് പഠിക്കാന്‍ അധികം മാര്‍ഗ്ഗങ്ങളുമില്ലായിരുന്നു. നന്നായി കഷ്ടപ്പെട്ടു.
വീട്ടിലെ പണികളെടുക്കണം, രണ്ട് മക്കളെ നോക്കണം, അയാളുടെ അടിയും ഇടിയുമെല്ലാം കൊള്ളണം. ഇതൊക്കെ കഴിഞ്ഞ് വേണം പഠിക്കാന്‍. രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയായിരുന്നു പഠനം. പഠിക്കുന്നത് അറിയാന്‍ പാടില്ലായിരുന്നു. അറിഞ്ഞാല്‍ പ്രശ്‌നമാകും. പോലീസ് ജോലിയ്ക്ക് വേണ്ടിയായിരുന്നു ശ്രമിച്ചത്. എന്നെ കളിയാക്കിയവര്‍ക്ക് മുന്നിലൂടെ യൂണിഫോമിട്ട് വരുന്നത് വലിയ സ്വപ്‌നമായിരുന്നു. പക്ഷെ അതിനായുള്ള ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതെനിക്ക് കടുത്ത നിരാശയായി.
ഇതിനിടെ ഒരു പ്രതീക്ഷയുമില്ലാതെ എഴുതിയ റെയില്‍വെ ജോലിക്കുള്ള പരീക്ഷയില്‍ പാസായി. അതോടെ അതുവരെ വെറുത്തവര്‍ എന്നെ പുകഴ്ത്താന്‍ തുടങ്ങി. ട്രാക്ക് മെയിന്റനര്‍ ആയിട്ടായിരുന്നു ജോലിയ്ക്ക കയറിയത്. നല്ല കഷ്ടപ്പാടുള്ള ജോലിയാണ്. വെയിലു മഴയുമൊക്കെ കൊള്ളണം. ജോലിയ്ക്ക് കയറുന്നതിന് മുമ്പ് യൂണിയനിലെ ചിലര്‍ ഞങ്ങളെ വന്ന് കണ്ടു. അവര്‍ ഞങ്ങളെ യൂണിയനില്‍ ജോയിന്‍ ചെയ്യിപ്പിച്ചു. എന്നാല്‍ ഞങ്ങളുടെ ജോലിയേക്കാള്‍ കൂടുതല്‍ യൂണിയന്റെ ജോലികള്‍ ചെയ്യേണ്ടി വന്നു. നേതാക്കന്മാരുടെ വീട്ടിലെ ജോലി വരെ ചെയ്യേണ്ടി വന്നു.
തമിഴ്‌നാട്ടിലായിരുന്നു ജോലി. നേതാക്കന്മാരുടെ വീട്ടില്‍ അതിഥികള്‍ക്ക് കുങ്കുമ പൊട്ട് വച്ച് സ്വീകരിക്കാന്‍ നില്‍ക്കേണ്ടി വന്നു ഞങ്ങള്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക്. ഇതാണ് ഇവിടുത്തെ അവസ്ഥയെന്നാണ് സീനിയേഴ്‌സ് പറഞ്ഞത്. ഒടുവില്‍ മേലുദ്യോഗസ്ഥര്‍ ഞങ്ങള്‍ സ്ത്രീകളെ മുറിയിലേക്ക് വിളിക്കുന്ന അവസ്ഥയില്‍ വരെ എത്തി. ഇതോടെ ഞങ്ങള്‍ ചേര്‍ന്ന് അയാള്‍ക്കെതിരെ പരാതി കൊടുത്തു. അത് വലിയ പ്രശ്‌നമായി. അതിന്റെ പേരില്‍ ഞങ്ങള്‍ ഒരുപാട് അനുഭവിച്ചു. പ്രൊമോഷനും അനുകൂല്യങ്ങളും ലഭിക്കാതായി. ട്രാന്‍സ്ഫര്‍ തടഞ്ഞു വച്ചു.
ഒരാള്‍ വിചാരിച്ചാല്‍ ഇത്രയും പേരുടേയും ജീവിതം ദുരിതമാക്കാന്‍ സാധിക്കുന്ന അവസ്ഥ. അങ്ങനെ വന്നതോടെ അവിടെ നിന്നാല്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടു. അതോടെയാണ് എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ തീരുമാനിക്കുന്നത്. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ എത്തി. ഇതില്‍ നിന്നും എനിക്കിപ്പോള്‍ വരുമാനം കിട്ടുന്നുണ്ട്. ജോലിയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. പക്ഷെ എന്റെ സുഹൃത്തുക്കള്‍ പലരും ഇപ്പോഴും അവിടെ തന്നെ ജീവിക്കുകയാണ്.