25.2 C
Kottayam
Friday, May 17, 2024

ബാബ രാംദേവ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി; മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം കോടതി തള്ളി

Must read

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി ക്ഷമ ചോദിച്ച് ‘പതഞ്ജലി ആയുര്‍വേദ’ സഹസ്ഥാപകന്‍ ബാബ രാംദേവ്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയ്‌ക്കൊപ്പമാണ് ബാബ രാംദേവ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായത്. അതേസമയം, ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ ഇരുവരോടും കോടതി നിര്‍ദേശിച്ചിരുന്നു.

ഹൃദയത്തില്‍ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, ഇരുവരും സമര്‍പ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. അതേസമയം, സത്യവാങ്മൂലം അംഗീകരിക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ബാബ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാങ്മൂലം നല്‍കിയത്. നിയമവാഴ്ചയോടു വലിയ ബഹുമാനമുണ്ടെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നു കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ ബാലകൃഷ്ണ പറഞ്ഞു. ജീവിതശൈലി രോഗങ്ങള്‍ക്കു വേണ്ടി, ആയുര്‍വേദ ഗവേഷണത്തിന്റെ പിന്‍ബലത്തോടെ പതഞ്ജലി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ രാജ്യത്തെ പൗരന്മാരെ ഉദ്ബോധിപ്പിക്കുക മാത്രമാണു കമ്പനിയുടെ ഉദ്ദേശ്യമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.

പരസ്യങ്ങള്‍ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നതാണു ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്. ഇതോടെയാണു കമ്പനി സത്യവാങ്മൂലം നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week