യു.എ.ഇ ദീര്‍ഘകാല വിസ,ആദ്യ മലയാളിയായി ഡോ.ആസാദ് മൂപ്പന്‍
ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന് യുഎഇയില്‍ ദീര്‍ഘകാല കാലവധിയുള്ള വിസ ലഭിച്ചു. വിവിധ രംഗങ്ങളിലെ മികച്ച പ്രൊഫഷണലുകള്‍ക്കും നിക്ഷേപകര്‍ക്കുമായി അടുത്തിടെയാണ് യുഎഇ 10 വര്‍ഷം കാലാവധിയുള്ള വിസ നല്‍കിത്തുടങ്ങിയത്. ആസാദ് മൂപ്പന്റെ ഭാര്യ നസീറ ആസാദിനും 10 വര്‍ഷ വിസ ലഭിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയും ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാനുമായ റിസ്‍വാന്‍ സാജനും കഴിഞ്ഞ ദിവസം ദീര്‍ഘകാല വിസ ലഭിച്ചു.
രാജ്യത്ത് ദീര്‍ഘകാല നിക്ഷേപം നടത്താന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും കഴിവുറ്റ പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് യുഎഇ ദീര്‍ഘകാല വിസകള്‍ അനുവദിച്ചുതുടങ്ങിയത്. ഇത്തരം വിസ ലഭിക്കുന്ന ആദ്യ മലയാളിയാണ് ഡോ. ആസാദ് മൂപ്പന്‍. യുഎഇയിലെ ആരോഗ്യ രംഗത്തുള്ള തന്റെ പ്രയത്നങ്ങള്‍ ഫലം കണ്ടതിന്റെ അംഗീകാരമായി ഇതിനെ കാണുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പൗരത്വം ലഭിക്കുന്നത് പോലെയാണിത്. രാജ്യം നിങ്ങളുടേത് കൂടിയാണെന്ന തോന്നലുണ്ടാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1987ല്‍ അജമാനിലെ ഒരു ക്ലിനിക്കില്‍ ഡോക്ടറായി യുഎഇയിലെത്തിയ അദ്ദേഹം ഇപ്പോള്‍ 24 ആശുപത്രികളും 116 ക്ലിനിക്കുകളും നിരവധി ഫാര്‍മസികളുമുള്ള ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഉടമയാണ്.