കൊച്ചി: ടിക്കറ്റ് നിരക്ക് കുറച്ചുള്ള കൊച്ചി മെട്രോയുടെ പരീക്ഷണം വിജയം. യാത്രക്കാര്‍ക്ക് നിരക്കിന്റെ 50 ശതമാനം തിരിച്ചുനല്‍കിയതോടെ ഗാന്ധി ജയന്തി ദിനത്തില്‍ മെട്രോയില്‍ കയറാനുണ്ടായത് വന്‍ തിരക്ക്. പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം കാണാനും നിരവധി ആളുകളെത്തി.
സാധാരണ അവധി ദിവസങ്ങളില്‍ ശരാശരി 24000 ആളുകളാണ് കൊച്ചി മെട്രോയില്‍ കയറാറുള്ളതെങ്കില്‍ നിരക്കില്‍ ഇളവ് നല്‍കിയപ്പോഴത് ഉയര്‍ന്ന് 30000- ആയി. കുറഞ്ഞ നിരക്കില്‍ കയറാനാളുണ്ടാകുമെന്നത് തെളിയിച്ച് അധികമായി കയറിയത് 6000 പേര്‍. കേരളപ്പിറവി ദിനത്തിലും സമാന ഇളവ് നല്‍കാന്‍ മെട്രോ തീരുമാനിച്ചിട്ടുണ്ട്.
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാഴ്വസ്തുക്കളുപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ആളുകളെയാകര്‍ഷിക്കാന്‍ മെട്രോയിലൊരുക്കിയിരുന്നു. ഇ മാലിന്യങ്ങള്‍ മനോഹരമായ ചിത്രങ്ങളും പിന്നെ മെസിയും റൊണാള്‍ഡോയുമായൊക്കെ രൂപാന്തരം പ്രാപിച്ചപ്പോള്‍ അതെല്ലാം കാണാനും പലതും വാങ്ങിക്കൊണ്ടു പോകാനും ആളുകള്‍ തയ്യാറായി. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മെട്രോയില്‍ സഞ്ചരിക്കാന്‍ സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാള്‍ക്ക് 50 ശതമാനം ഇളവും നല്‍കുന്ന പദ്ധതിയും മെട്രോ തുടങ്ങിയിട്ടുണ്ട്.