ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് ഐസിസി വെബ്സൈറ്റിലെ പിഴവ് മൂലം. ഇന്നലെയാണ് ഐസിസിയുടെ പിഴവ് മൂലം ഇന്ത്യ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇക്കാര്യം മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ വൈകാതെ തെറ്റ് തിരിച്ചറിഞ്ഞ ഐസിസി വെബ്സൈറ്റിലെ റാങ്കിംഗ് തിരുത്തി.
സാധാരണഗതിയില്‍ ഏതെങ്കിലും പരമ്പരകള്‍ പൂര്‍ത്തിയാവുമ്പോഴാണ് ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിടാറുള്ളത്. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പര പൂര്‍ത്തിയായശേഷം ഐസിസി പുറത്തുവിട്ട ടെസ്റ്റ് റാങ്കിംഗ് പ്രകാരം ഓസ്ട്രേലിയ 126 റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയ ഒന്നാമതായിരുന്നു.
ഇന്ത്യയാകട്ടെ ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ആണ് അവസാനം ടെസ്റ്റ് പരമ്പര കളിച്ചത്. ഇതിനുശേഷം പരമ്പരകളൊന്നും നടക്കാത്തതിനാല്‍ ഇന്നലെ ഐസിസി വെബ്സൈറ്റില്‍ പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ 115 പോയന്‍റുമായി ഒന്നാമതെത്തിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു. 29 മത്സരങ്ങളില്‍ 111 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ രണ്ടാമത് എന്നായിരുന്നു വെബ്സൈറ്റില്‍ കൊടുത്തിരുന്നത്.
അടുത്തമാസം ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുന്നതിനാല്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതിന് വലിയ പ്രാധാന്യം ലഭിക്കുകയും ചെയ്തു. വെബ്സൈറ്റിലെ പിഴവിനെതുടര്‍ന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയ കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ഐസിസി പിഴവ് തിരുത്തി ഓസ്ട്രേലിയയെ വീണ്ടും ഒന്നാമതാക്കിയത്.
126 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് പുറകില്‍ 115 റേറ്റിംഗ് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിപ്പ് ഫൈനലിലെത്താനും അവസരമുണ്ട്.
ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്. 17ന് ഡല്‍ഹിയിലും, മാര്‍ച്ച് ഒന്നിന് ധര്‍മശാലയിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് ശേഷിക്കുന്ന ടെസ്റ്റുകള്‍. ടി20 ടീം റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയാല്‍ ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനാവും. ഏകദിന റാങ്കിംഗില്‍ നിലവില്‍ ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.ഏകദിന റാങ്കിംഗില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.