സെന്‍റ് ലൂസിയ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ നാലില്‍ നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയന്‍ തേരോട്ടം. സ്കോട്‌ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ഓസീസ് അഞ്ച് വിക്കറ്റിന് വിജയിച്ചു. സ്കോട്‌ലന്‍ഡ് മുന്നോട്ടുവെച്ച 181 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി രണ്ട് പന്ത് ബാക്കിനില്‍ക്കേ ഓസ്ട്രേലിയ നേടുകയായിരുന്നു.
മാര്‍ക്കസ് സ്റ്റോയിനിസ് വെടിക്കെട്ടിലായിരുന്നു കങ്കാരുക്കളുടെ തകര്‍പ്പന്‍ ജയം. സ്കോട്ടിഷ് ടീം തോറ്റതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാമന്‍മാരായി സൂപ്പര്‍ എട്ടിലേക്ക് മാര്‍ച്ച് ചെയ്തു. ഇംഗ്ലണ്ടിനും സ്കോട്‌ലന്‍ഡിനും അഞ്ച് പോയിന്‍റ് വീതമാണെങ്കിലും മികച്ച റണ്‍റേറ്റ് ഇംഗ്ലീഷ് ടീമിന് തുണയായി. ഓസീസ് നേരത്തെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നിട്ടും കങ്കാരുക്കളെ സ്കോട്‌ലന്‍ഡ് വിറപ്പിച്ചു. ഓസീസ് സ്റ്റാര്‍ പേസര്‍മാരായ ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ബഞ്ചിലിരുന്നത് മുതലെടുത്തായിരുന്നു സ്കോട്‌ലന്‍ഡിന്‍റെ ബാറ്റിംഗ്. ഓപ്പണര്‍ മൈക്കല്‍ ജോണ്‍സിനെ രണ്ട് റണ്‍സില്‍ ഇന്നിംഗ്സിലെ ആറാം പന്തില്‍ നഷ്‌ടമായിട്ടും സ്കോട്ടിഷ് പട പതറിയില്ല.
മറ്റൊരു ഓപ്പണര്‍ ജോര്‍ജ് മന്‍സിയും മൂന്നാമന്‍ ബ്രാണ്ടന്‍ മക്‌മല്ലെനും ചേര്‍ന്നുള്ള 89 റണ്‍സ് കൂട്ടുകെട്ട് നിര്‍ണായകമായി. മന്‍സി 23 പന്തില്‍ 35 ഉം, ബ്രാണ്ടന്‍ മക്‌മെല്ലന്‍ 34 പന്തില്‍ 60 ഉം റണ്‍സെടുത്തു. പിന്നാലെ മാത്യൂ ക്രോസ് 11 പന്തില്‍ 18 ഉം, മൈക്കല്‍ ലീസ്‌ക് 8 പന്തില്‍ അഞ്ചും റണ്‍സുമായി മടങ്ങി. പൊരുതിക്കളിച്ച ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്‌ടണിനൊപ്പം (31 പന്തില്‍ 42*), ക്രിസ് ഗ്രീവ്സ് (10 പന്തില്‍ 9*) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയക്ക് തുടക്കം മോശമായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നാല് പന്തില്‍ ഒന്നും ക്യാപ്റ്റനും വണ്‍ഡൗണ്‍ ബാറ്ററുമായ മിച്ചല്‍ മാര്‍ഷ് 9 പന്തില്‍ എട്ടും റണ്‍സുമായി മടങ്ങി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനും (8 പന്തില്‍ 11) തിളങ്ങാനായില്ല. ഇതിന് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ട്രാവിസ് ഹെഡ്-മാര്‍ക്കസ് സ്റ്റോയിനിസ് സഖ്യമാണ് ഓസ്ട്രേലിയയെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഹെഡ് 49 ബോളുകളില്‍ 68 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ കൂറ്റനടികളുമായി സ്റ്റോയിനിസ് 29 പന്തില്‍ 59 നേടി. 17-ാം ഓവറിലെ അവസാന പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച സ്റ്റോയിനിസിന്‍റെ കുറ്റി മാര്‍ക് വാറ്റ് പിഴുതെറിയുകയായിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ടിം ഡേവിഡും (14 പന്തില്‍ 28*), മാത്യൂ വെയ്‌ഡും (5 പന്തില്‍ 4*) ഓസീസിന് ജയമൊരുക്കി.