CricketNewsSports

T20 WORLD CUP:വിറപ്പിച്ച് കീഴടങ്ങി അഫ്ഗാന്‍,ഓസീസ് സെമിയിലേക്ക്‌

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിലയയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. അഡ്‌ലെയ്ഡില്‍ നാല് റണ്‍സിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. 32 പന്തില്‍ പുറത്താവാതെ 54 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷും (45) തിളങ്ങി. മറുപടി ബാറ്റിംഗില്‍ അഫ്ഗാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനാണ് സാധിച്ചത്.

23 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്ന റാഷിദ് ഖാനാണ് അഫ്ഗാന് പ്രതീക്ഷ നല്‍കിയത്. ജോഷ് ഹേസല്‍വുഡ്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഓസീസിന് അഞ്ച് മത്സരങ്ങളില്‍ ഏഴ്  പോയിന്റായി. എന്നാല്‍ റണ്‍റേറ്റ് -0.173 ആണ്. മികച്ച റണ്‍റേറ്റുള്ള ഇംഗ്ലണ്ടിനെ നാളെ ശ്രീലങ്കയെ തോല്‍പ്പിച്ചാല്‍ ഓസ്‌ട്രേലിയയെ മറികടന്ന് സെമിയിലെത്താം. ഓസ്‌ട്രേലിയയുടെ ജയത്തോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് മോസം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് അവര്‍ രണ്ടിന് 40 എന്ന നിലയിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഇബ്രാഹിം സദ്രാന്‍ (26)- ഗുല്‍ബാദിന്‍ നെയ്ബ് (39) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതോടെ അഫ്ഗാന്റെ പ്രതീക്ഷകളും വര്‍ധിച്ചു. എന്നാല്‍ ഇരുവരും ഒരുഓവറില്‍ മടങ്ങിയത് തിരിച്ചടിയായി. അപ്പോള്‍ സ്‌കോര്‍ 99 റണ്‍സ്. ഇതേ സകോറിന് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ ഇബ്രാഹിം സദ്രാനും മടങ്ങി. സ്‌കോര്‍ അഞ്ചിന് 99. നാല് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ മുഹമ്മദ് നബിയും (1) പുറത്ത്. അഫ്ഗാന് ആറിന് 103. 

പിന്നാലെയാണ് റാഷിദിന്റെ രക്ഷാപ്രവര്‍ത്തനം. അദ്ദേഹത്തിന് കൂട്ടായി 13 പന്തില്‍ 15 റണ്‍സെടുത്ത ദര്‍വിഷ് റസൂലി. 23 പന്തില്‍ നിന്നാണ് റാഷിദ് 48 അടിച്ചെടുത്തത്. ഇതില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടും. അവസാന പന്തില്‍ 21 റണ്‍സാണ് അഫ്ഗാന് വേണ്ടിയിരുന്നത്. മാര്‍കസ് സ്റ്റോയിനിസിന്റെ ആദ്യ പന്തില്‍ ദര്‍വിഷ് റണ്ണൗട്ടായി. ക്രീസില്‍ റാഷിദ്, ബാക്കിയുള്ളത് ആറ് പന്തുകള്‍. നേരിട്ട ആദ്യ പന്തില്‍ റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് ഫോര്‍. മൂന്നാം പന്തിലും റണ്ണെടുത്തില്ല. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 17 റണ്‍സ്. നാലാം പന്തില്‍ സിക്‌സ്. അഞ്ചാം പന്തില്‍ രണ്ട് റണ്‍. ഇതോടെ ഓസീസ് ജയമുറപ്പിച്ചു. അവസാന പന്ത് റാഷിദ് ഫോര്‍ നേടി. ആതിഥേയരെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി.

അഡ്‌ലെയ്ഡില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ കാമറോണ്‍ ഗ്രീന്‍ പുറത്ത് (3) പുറത്ത്. താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഡേവിഡ് വാര്‍ണര്‍ (25) ആറാം ഓവറില്‍ മടങ്ങി. അതേ ഓവറിന്റെ അവസാന പന്തില്‍ സ്റ്റീവന്‍ സ്മിത്തും (4) മടങ്ങിയതോടെ ഓസീസ് മൂന്നിന് 54 എന്ന നിലയിലായി. പിന്നീട് മാര്‍ഷ് (45), മാര്‍കസ് സ്റ്റോയിനിസ് (25) എന്നിവര്‍ നടത്തിയ പോരാട്ടം തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 

മാര്‍ഷിന് ശേഷം ക്രീസിലെത്തിയ മാക്‌സ്‌വെല്‍  ഓസീസിനെ മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇതിനിടെ മാത്യൂ വെയ്ഡ് (6), പാറ്റ് കമ്മിന്‍സ് (0), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (1) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് നഷ്ടമായി. മാക്‌വെല്ലിനൊപ്പം ആഡം സാംപ (1) പുറത്താവാതെ നിന്നു. 32 പന്തില്‍ രണ്ട് സിക്‌സിന്റേയും ആറ് ബൗണ്ടറിയുടെയും സഹായത്തോടെയാണ് മാക്‌സ്‌വെല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി. പുറമെ ഫസല്‍ഹഖ് ഫാറൂഖി രണ്ടും മുജീബ് ഉര്‍ റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങിയത്. ഹാസ്ട്രിംഗ് ഇഞ്ചുറിയെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പിന്മാറിയതോടെ മാത്യൂ വെയ്ഡാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഫിഞ്ചിന് പകരം കാമറോണ്‍ ഗ്രീന്‍ ടീമിലെത്തി. ടിം ഡേവിഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ടീമിലില്ല. നിര്‍ണായക മത്സരത്തില്‍ പരിക്കാണ് ഡേവിഡിനെ വലച്ചത്. ഡേവിഡിന് പകരം സ്റ്റീവ് സ്മിത്തും സ്റ്റാര്‍ക്കിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സും ടീമിലെത്തി.

ഓസ്‌ട്രേലിയ: കാമറൂണ്‍ ഗ്രീന്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ്, ഉസ്മാന്‍ ഗനി, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, ഗുല്‍ബാദില്‍ നെയ്ബ്, ദര്‍വിഷ് റസൂലി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker