ബ്രിസ്‌ബെയ്ന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറില്‍. 7 വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെന്ന സ്‌കോറിലാണ് അവര്‍ ക്രീസ് വിട്ടത്. നാളെ ആദ്യ സെഷനില്‍ തന്നെ ഓസീസിനെ 450 കടത്താതെ നോക്കുകയായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്.
സ്റ്റീവ് സ്മിത്ത് (101), ട്രാവിസ് ഹെഡ് (152) എന്നിവരുടെ സെഞ്ച്വറി ബലത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ 45 റണ്‍സുമായി അലക്‌സ് കാരിയും 7 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.
ഇന്ത്യക്കായി ജസ്പ്രിത് ബുംറയാണ് ബൗളിങില്‍ തിളങ്ങിയത്. താരം 5 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടു നീങ്ങുകയായിരുന്ന ഓസീസിനെ ബുംറയുടെ മികവാണ് പിടിച്ചു നിര്‍ത്തിയത്. സെഞ്ച്വറിക്കു പിന്നാലെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയ ബുംറ അധികം താമസിയാതെ മിച്ചല്‍ മാര്‍ഷിനേയും ട്രാവിസ് ഹെഡിനേയും ഒറ്റ ഓവറില്‍ തന്നെ മടക്കി ഓസീസിനെ പ്രതിരോധത്തിലാക്കി. ഇതോടെ താരം 5 വിക്കറ്റുകളെന്ന നേട്ടത്തില്‍ വീണ്ടുമെത്തി.
ട്രാവിസ് ഹെഡിനു പിന്നാലെ സെഞ്ച്വറിയടിച്ച് സ്റ്റീവ് സ്മിത്തും നിലയുറപ്പിച്ച് മന്നേറുന്നതിനിടെയാണ് ബുംറ കൊടുങ്കാറ്റായത്. 190 പന്തില്‍ 101 റണ്‍സുമായാണ് സ്മിത്ത് പുറത്തായത്. നാലാം വിക്കറ്റില്‍ സ്മിത്ത് ഹെഡ് സഖ്യം 241 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുയര്‍ത്തി.
ഹെഡിനെ ബുംറ പന്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. താരം 160 പന്തില്‍ 18 ഫോറുകള്‍ സഹിതം 152 റണ്‍സെടുത്താണ് പുറത്തായത്. മിച്ചല്‍ മാര്‍ഷിനും അധികം ആയുസുണ്ടായില്ല. താരം ബുംറയുടെ പന്തില്‍ കോഹ്‌ലി ക്യാച്ചെടുത്തു മടക്കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 20 റണ്‍സെടുത്തു നില്‍ക്കെ മുഹമ്മദ് സിറാജിനു വിക്കറ്റ് സമ്മാനിച്ചു പുറത്തായി.
സമീപ കാലത്ത് മികച്ച ഇന്നിങ്‌സൊന്നും കളിക്കാന്‍ കഴിയാതെ ഫോം ഔട്ടായി നിന്ന സ്മിത്തിനെ മികവിലേക്ക് ഉയര്‍ത്താനും ഇന്ത്യന്‍ ടീമിനു സാധിച്ചു! 185 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം സ്മിത്ത് 100ല്‍ എത്തി. സ്മിത്തിന്റെ 33ാം ടെസ്റ്റ് ശതകമാണ് ഗാബയില്‍ പിറന്നത്. 2023നു ശേഷമാണ് താരം സെഞ്ച്വറി നേടുന്നത്. 25 ഇന്നിങ്‌സുകളുടെ സെഞ്ച്വറി കാത്തിരിപ്പിനും സ്മിത്ത് വിരാമമിട്ടു.
നേരത്തെ അഡ്‌ലെയ്ഡില്‍ നിര്‍ത്തിയ ഇടത്തു നിന്നു ഗാബയില്‍ വീണ്ടും തുടങ്ങിയ ഹെഡ് 115 പന്തുകള്‍ നേരിട്ട് 101 റണ്‍സിലെത്തിയാണ് ശതകം തൊട്ടത്. 13 ഫോറുകള്‍ അടങ്ങിയ ഇന്നിങ്‌സ്. താരത്തിന്റെ 9ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
നൂറ് റണ്‍സ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. സ്മിത്ത് ഹെഡ് സഖ്യം നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങള്‍ പാളി.
ബുംറയുടെ തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഓപ്പണിങ് ബാറ്റര്‍മാരായ ഉസ്മാന്‍ ഖവാജയും നതാന്‍ മക്‌സ്വീനിയും രണ്ടാം ദിനം തുടക്കം തന്നെ കീഴടങ്ങി. ഖവാജ 21 റണ്‍സും മക്‌സ്വീനി 9 റണ്‍സുമാണ് എടുത്തത്.
മഴ മൂലം ഇന്നലെ 13.2 ഓവര്‍ മാത്രമാണ് എറിയാന്‍ ആയത്. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് മൂന്ന് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ഖവാജയെയാണ് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടിച്ചാണ് ഖവാജ പുറത്തായത്. 38 റണ്‍സില്‍ വച്ചാണ് ഓസ്‌ട്രേലിയയുടെ രണ്ടാം വിക്കറ്റ് നഷ്ടമായത്.
ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ കോഹ്‌ലി പിടിച്ചാണ് മക്‌സ്വീനി ഔട്ടായത്. ലാബുഷെയ്‌നും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. 12 റണ്‍സ് എടുത്ത ലാബുഷെയ്‌നെ നിതീഷ് കുമാര്‍ റെഡ്ഡിയാണ് പുറത്താക്കിയത്.