ലഖ്നൗ: ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളില്‍ ഒന്നാകുമെന്ന് വിലയിരുത്തപ്പെട്ട ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിനും ആളൊഴിഞ്ഞ ഗാലറി.
ലഖ്നോവിലെ അടല്‍ ബിഹാരി വാജ്പേയി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. കളി കാണാൻ ആളില്ലാതായതോടെ ഇതെന്ത് ലോകകപ്പാണെന്ന ചോദ്യവുമായി സമൂഹ മാധ്യമങ്ങളില്‍ ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ക്രിക്കറ്റിന് ഏറെ വേരോട്ടമുള്ള ഇന്ത്യയില്‍ ലോകകപ്പ് അരങ്ങേറുമ്ബോള്‍ നിറഞ്ഞ ഗാലറിയായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഉദ്ഘാടന മത്സരത്തില്‍ തന്നെ ആ പ്രതീക്ഷ അസ്തമിച്ചു. 1,32,000 പേരെ ഉള്‍ക്കൊള്ളുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഇംഗ്ലണ്ട്-ന്യൂസിലാൻഡ് മത്സരത്തിന് ആളെത്താതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.
ട്വന്റി20 ക്രിക്കറ്റിന്റെ കടന്നുവരവാണ് ഏകദിന മത്സരങ്ങള്‍ക്ക് ആളില്ലാതാവാൻ കാരണമെന്നാണ് വിലയിരുത്തല്‍. അതിവേഗ ക്രിക്കറ്റിന്റെ സ്ഫോടനാത്മകത ഏകദിനങ്ങള്‍ക്കില്ലെന്നായതോടെ മത്സരത്തിന്റെ എണ്ണവും കാണികളുടെ ആധിക്യവും കുറഞ്ഞു തുടങ്ങിയിരുന്നു. ഒരുപക്ഷേ ഇത് അവസാന ഏകദിന ലോകകപ്പ് വരെയാകാമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇന്ത്യയില്‍പോലും കളി കാണാനെത്തുന്നവര്‍ ശുഷ്കിച്ചുതുടങ്ങിയത്.
തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരത്തിന് ആളുകള്‍ കുറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിന് ലോകകപ്പ് മത്സരത്തിന് ആതിഥ്യം വഹിക്കാനുള്ള അവസരം നഷ്ടമായതിനുള്ള കാരണമായി ഇത് പറയപ്പെടുന്നുണ്ട്.
ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് കാണികളെത്തുമെന്നായിരുന്നു പിന്നെയുള്ള പ്രതീക്ഷ. എന്നാല്‍, ചെപ്പോക്കിലെ മത്സരം ആസ്ട്രേലിയയോടായിട്ടുപോലും 38,000 പേര്‍ക്കിരിക്കാവുന്ന ഗാലറിയിലെത്തിയത് 32,513 പേരായിരുന്നു. കളി തുടങ്ങുമ്ബോള്‍ വേണ്ടത്ര കാണികള്‍ ഗാലറിയിലുണ്ടായിരുന്നില്ല.
ഒഴിഞ്ഞുകിടന്ന ഗാലറിയുടെ മിക്ക ഭാഗവും നിറഞ്ഞത് വെയില്‍ മാറി ഇരുള്‍ പരന്നപ്പോഴാണ്. ചെപ്പോക്കില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍, മുൻകൂര്‍ ടിക്കറ്റ് കിട്ടാതെ വിഷമിച്ചവര്‍ക്ക് ഞായറാഴ്ച സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ ധാരാളമായി ലഭിച്ചു. സ്പോണ്‍സര്‍മാരടക്കമുള്ളവര്‍ക്ക് മാറ്റിവെച്ച ടിക്കറ്റുകള്‍ ലഭ്യമായതാണ് ടിക്കറ്റ് വില്‍പനക്ക് കാരണമായതെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇനി ഇന്ത്യ-പാകിസ്താൻ മത്സരത്തിനാണ് കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകളെല്ലാം വിറ്റുപോയെന്ന് പറഞ്ഞ ബി.സി.സി.ഐ 14,000 ടിക്കറ്റുകള്‍കൂടി വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഈ മത്സരത്തിന് മുമ്ബായി സംഗീത പരിപാടിയും ഒരുക്കുന്നുണ്ട്.