തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന പ്രതിഷേധത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്‍റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.
വിമാനത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരെയാണ് ഇന്നലെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർക്ക് നൽകിയ മൊഴിയിൽ നിന്ന് ഇ. പി. ജയരാജന്‍റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമ്മർദ്ദം ചെലുത്തിയെന്ന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇരുവരും മെഡിക്കൽ കോളേജിൽ തുടരുകയാണ്. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് പരാതി നൽകും. കെപിസിസി ഓഫീസ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധമുണ്ടാകും.
വിമാനത്തിൽ, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. എന്നാണ് ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ അനുശാസിക്കുന്നത്. കുറ്റം തെളിഞ്ഞാൽ, ശാരീരികമായും വാക്കുകൾ കൊണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായാൽ ശിക്ഷ ഇതാണ് – ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ. ഇത്തരത്തിൽ വാക്കുകളാൽ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയിൽ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കാം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ അസാധാരണ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നുണ്ടായത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ഇടപെട്ട് തള്ളി വീഴ്ത്തി. മദ്യപിച്ച് ലക്കുകെട്ട യൂത്ത് കോൺഗ്രസ്സുകാർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ഇ പി ജയരാജൻ ആരോപിച്ചു. എന്നാൽ മദ്യപിച്ചിട്ടില്ലെന്നും ജയരാജൻ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
കണ്ണൂരിലെ യാത്രകളിൽ വഴി നീളെയുണ്ടായ പ്രതിഷേധങ്ങൾക്ക് പുറകെയാണ് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ എന്നിവർ എഴുന്നേറ്റ് നിന്നും മുഖ്യമന്ത്രിക്ക് അടുത്തേക്ക് നടന്നുകൊണ്ടും മുദ്രാവാക്യം വിളിക്കുന്നത് കാണാം. തൊട്ടുപിന്നാലെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഇ.പി ജയരാജനെത്തുന്നതും ഇരുവരെയും തള്ളിവീഴ്ത്തുന്നതും വ്യക്തം. തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
സംഭവം ഉണ്ടായതിന് പിന്നാലെ പ്രതികരിച്ച ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാർ മദ്യപിച്ച് ലക്ക് കെട്ട നിലയിലായിരുന്നുവെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇറങ്ങിയശേഷമായിരുന്നു പ്രതിഷേധമെന്നായിരുന്നു ഇപിയുടെ ആദ്യ പ്രതികരണം. പക്ഷെ പിന്നീട് വാർത്താ സമ്മേളനത്തിൽ ഇ പി പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിനുള്ളിൽ നിന്നും ഇറങ്ങും മുമ്പാണ് പ്രതിഷേധമെന്നാണ്.
മദ്യലഹരിയിലെ പ്രതിഷേധമെന്ന ഇപിയുടെ ആരോപണം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളി. താൻ മദ്യപിക്കുന്നയാളല്ലെന്നും വേണമെങ്കിൽ പൊലീസ് തനിക്ക് വൈദ്യപരിശോധന നടത്തട്ടെയെന്നും ഫർസീൻ മജീദ് പറഞ്ഞു. എന്നാലിരുവരുടെയും വൈദ്യപരിശോധന നടത്തുന്നത് മണിക്കൂറുകൾ വൈകിയാണ്.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പ്രതിഷേധിച്ചവരെ വിമാനത്തിലെ ജീവനക്കാരും സിഐഎസ്എഫും പിടികൂടിയിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വിമാനത്തിൽ പ്രതിഷേധമുണ്ടാകുന്നത് ഒഴിവാക്കാൻ ഓരോരുത്തരെയും പരിശോധിച്ചാണ് പൊലീസ് കടത്തിവിട്ടിരുന്നത്. സിഐഎസ്എഫിന്‍റെയും പരിശോധന കടന്നാണ് ഇരുവരും വിമാനത്തിൽ കയറിയത്. പൊലീസിന് അറിയാവുന്ന ആളായിട്ടും, ആർസിസിസിയിൽ ബന്ധുവിനെ കാണാനെന്ന കാരണം പറഞ്ഞതോടെയാണ് ഫർസീനെ യാത്രയ്ക്ക് അനുവദിച്ചതെന്നാണ് പൊലീസ് വിശദീകരണം.
സുരക്ഷാ വീഴ്ച ആദ്യം സമ്മതിക്കാതിരുന്ന പൊലീസ് പിന്നീട് സംഭവം വിവാദമായതോടെ ഉത്തരവാദിത്വം സിഐഎസ്എഫിനാണെന്ന് പറയുന്നു. വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സിഐഎസ്എഫിൽ നിന്നും റിപ്പോർട്ട് തേടിയാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. ഇതിന്‍റെ ഭാഗമായാണ് ഇപ്പോൾ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം തങ്ങളെ ആക്രമിച്ചെന്ന് കാട്ടി ഇ പി ജയരാജനെതിരെ പരാതി നൽകാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം. തങ്ങളോട് ഇ പി ജയരാജന്‍റെ പേര് പറയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന് ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ ഫർസീൻ ആരോപിച്ചിരുന്നു.