ചെന്നൈ:ഇന്ത്യൻ സിനിമയുടെ മൈക്കിൾ ജാക്സണെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടനാണ് പ്രഭുദേവ. നൃത്തമാണ് താരത്തിനെല്ലാം. പിതാവിൽ നിന്നുമാണ് പ്രഭുദേവയ്ക്കും സഹോദരങ്ങൾക്കും ഡാൻസിനോടുള്ള താൽപര്യം ലഭിച്ചത്. ഡാൻസിന്റെ കാര്യത്തിലും മെയ് വഴക്കത്തിലും മക്കളെ കടത്തിവെട്ടും, കൊറിയോഗ്രാഫർ കൂടിയായ അച്ഛൻ മുഗുർ സുന്ദർ.
ജെന്റിൽമാൻ സിനിമയിലെ ‘ചിക്കുബുക്കു ചിക്കുബുക്കു റെയിലെ…’ എന്ന ഗാനത്തിന് നൃത്തം ചെയ്തുകൊണ്ടാണ് പ്രഭുദേവ തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് നൃത്ത സംവിധായകനായും നടനായും സംവിധായകനായും തിളങ്ങി.
വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ പ്രഭുദേവ തമിഴ് സിനിമയും കടന്ന് ബോളിവുഡിലേക്ക് വരെ എത്തി. സിനിമകൾ സംവിധാനം ചെയ്യുകയും സൂപ്പർതാരങ്ങളെ വരെ നൃത്തം പഠിപ്പിക്കുകയും ചെയ്തു. പ്രഭുദേവയുടെ സംവിധാനത്തിൽ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു.
തമിഴിൽ മാത്രമല്ല ബോളിവുഡിലും നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ താരം സംവിധാനം ചെയ്തു. സിനിമാ ജീവിതം വിജയകരമായി മുന്നോട്ട് പോകുമ്പോൾ താരത്തിന്റെ കുടുംബത്തിലേക്ക് വന്ന ഒരു പുതിയ സന്തോഷമാണ് വാർത്തകളിൽ നിറയുന്നത്.

നടൻ പ്രഭുദേവയ്ക്കും രണ്ടാം ഭാര്യ ഹിമാനി സിങിനും പെൺകുഞ്ഞ് പിറന്നുവെന്നതാണ് പുതിയ വിശേഷം. താരകുടുംബവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളിൽ നിന്നാണ് ഈ എക്സ്ക്ലൂസീവ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് പ്രഭുദേവ ഭാര്യ ഹിമാനിക്കൊപ്പം തിരുപ്പതി സന്ദർശിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ഗർഭിണിയായിരിക്കുമ്പോഴായിരിക്കണം പ്രഭുദേവയും ഹിമാനിയും തിരുപ്പതിയിൽ എത്തിയതെന്നും കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷത്തിൽ നന്ദി പറയാൻ വേണ്ടി ദമ്പതികൾ വന്നതായിരിക്കുമെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
ഇരുവരും വിവാഹിതരായി മൂന്ന് വർഷം കഴിഞ്ഞു. ഹിമാനി ഗർഭിണിയായത് അടുത്തിടെയാണ്. ഭാര്യ ഗർഭിണിയായിരുന്നപ്പോൾ പ്രഭുദേവ സമയം കിട്ടുമ്പോഴെല്ലാം അരികിലിരുന്ന് പരിചരിക്കാറുണ്ടായിരുന്നു. അതുപോലെ കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രഭുദേവയുടെ കുടുംബം ഹിമാനിക്ക് വേണ്ടി ഒത്തുകൂടുകയും ചെയ്തിരുന്നു.
ഒരു സ്വകാര്യ ആശുപത്രിയിൽ അതീവ രഹസ്യമായാണ് ഹിമാനിയുടെ പ്രസവം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രഭുദേവയുടെ അച്ഛൻ സുന്ദറിന് രാജു സുന്ദരം, പ്രഭുദേവ, നാഗേന്ദ്ര പ്രസാദ് എന്നിങ്ങനെ മൂന്ന് ആൺ മക്കളാണുള്ളത്. അതുപോലെതന്നെ ആദ്യ ഭാര്യയിൽ പ്രഭുദേവയ്ക്ക് ജനിച്ചതും മൂന്ന് ആൺമക്കളാണ്.

ആദ്യമായി കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പിറന്നത് പ്രഭുദേവ അടക്കം എല്ലാവരും ആഘോഷമാക്കി. ഏറെ വിവാദങ്ങൾക്ക് ശേഷം 2020 ലാണ് പ്രഭുദേവയും മുംബൈയിലുള്ള ഡോ.ഹിമാനിയും തമ്മിലുള്ള വിവാഹം നടന്നത്. 1995 ലായിരുന്നു പ്രഭുദേവയുടെ ആദ്യ വിവാഹം. പിതാവിൻ്റെ സംഘത്തിലെ നർത്തകിയായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ റംലത്ത്.
വിശാൽ, ഋഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെയാണ് താരത്തിന്റെ ആൺമക്കളുടെ പേരുകൾ. 2008ൽ 12-ാം വയസിൽ കാൻസർ രോഗത്തെ തുടർന്ന് വിശാൽ മരിച്ചു. തുടർന്നാണ് പ്രഭുദേവയും റംലത്തും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായത്. ശേഷം നടി നയൻതാരയുമായുള്ള പ്രഭുദേവയുടെ ബന്ധം കൂടി പുറത്ത് വന്നതോടെ 16 വർഷത്തെ ദാമ്പത്യ ജീവിതം റംലത്ത് അവസാനിപ്പിച്ചു.
രണ്ടാം ഭാര്യ ഹിമാനി പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് വളരെ ചുരുക്കമാണ്. അടുത്തിടെ നടന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ ഹിമാനി താരത്തിന് ആശംസകൾ നേർന്ന് എത്തിയിരുന്നു. അപ്പോഴാണ് ആരാധകർ ഹിമാനിയെ ആദ്യമായി കാണുന്നത്. അല്ലാത്തപ്പോഴെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടാവും.
പുറം വേദനയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു.