KeralaNews

ഒരിക്കല്‍ കാണാന്‍ പോയ ഒരു കുഞ്ഞിന് പനി വന്നു, പ്രസവിക്കാത്ത ഞാന്‍ വന്നതുകൊണ്ടാണെന്ന് കുറേപേര്‍ പറഞ്ഞു പരത്തി, അതു വല്ലാതെ മനസു വേദനിപ്പിച്ചു; അനുഭവം പങ്കുവെച്ച് യുവതി

പ്രസവിക്കാത്ത സ്ത്രീ സമൂഹത്തിന്റെ കണ്ണില്‍ വെറുക്കപ്പെട്ടവളാണ്. ഒരു പെണ്ണ് പെണ്ണാകണമെങ്കില്‍ പ്രസവിക്കണമെന്ന പഴയതത്വം ഇന്നും പലരുടെയും മനസ്സിലുണ്ട്. പ്രസവിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വേദന തിന്ന് ജീവിക്കുന്ന സ്ത്രീകള്‍ ഏറെയാണ്. താന്‍ അത്തരത്തില്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് അസിമ ഹുസൈന്‍ എന്ന യുവതി. പ്രമുഖ ഓണ്‍ലൈനിനോടാണ് അസിമ മനസ്സുതുറന്നത്.

അസിമയുടെ അനുഭവം

എന്റെ കല്യാണം കഴിഞ്ഞിട്ട് 5 വര്‍ഷം കഴിയുന്നു. ഒരു കുഞ്ഞിക്കാലിനായി ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ ജീവിതത്തിലും കുഞ്ഞിക്കാലടി ഉണ്ടാകണേ എന്ന് കൊതിച്ചിരുന്നു. പക്ഷേ അത് സംഭവിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങളേക്കാള്‍ ആധി മറ്റുള്ളവര്‍ക്കായിരുന്നു. അതിന്റെ പേരില്‍ നേരിടേണ്ടി വന്ന കാര്യങ്ങളോര്‍ത്താല്‍ മനസു തകരും. പക്ഷേ മറുപടി കൊടുത്തു തുടങ്ങിയടത്താണ് എന്നിലെ പെണ്ണിന്റെ വിജയം- അസിമ പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടു വര്‍ഷം കുട്ടികള്‍ വേണ്ട എന്ന് ഞാനും ഭര്‍ത്താവ് ഷാഫിയും തീരുമാനിച്ചതാണ്. രണ്ടും വര്‍ഷം ആയപ്പോഴേ വീട്ടില്‍ നിന്നുള്ള പ്രഷര്‍തുടങ്ങി. അതൊന്നും ഇല്ലാതെ തന്നെ ഞങ്ങള്‍ അപ്പോഴേക്കും കുഞ്ഞിനു വേണ്ടി മാനസികമായി ഒരുങ്ങിയിരുന്നു.

പക്ഷേ കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചപ്പോള്‍ നടന്നില്ല എന്നതാണ് സത്യം. അപ്പോഴും ക്ഷമയോടെ കാത്തിരുന്നു. ഡോക്ടര്‍മാരെ കണ്ടു. അന്നറിഞ്ഞത് ഗര്‍ഭിണിയാകാതിരിക്കാനുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കില്ല എന്നതാണ്. പലവട്ടം കുഞ്ഞുണ്ടാകുന്നതിന്റെ സൂചനകള്‍ ശരീരം തന്നു. രണ്ടുതവണ ഗര്‍ഭിണി ആകുകയും ചെയ്തു. പക്ഷേ നിരാശപ്പെടുത്തി ആ കാത്തിരിപ്പുകള്‍ അബോര്‍ഷനില്‍ അവസാനിച്ചു. പിന്നെയും ആ കാത്തിരിപ്പ് തുടര്‍ന്നു. കാര്യമായ ഐവിഎഫ് ട്രീറ്റ്‌മെന്റുകളൊന്നും എടുക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. ഇടയ്ക്ക് ചില ഗുളികകള്‍ മാത്രം ഡോക്ടര്‍മാരുടെനിര്‍ദ്ദേശപ്രകാരം എടുത്തു.

പക്ഷേ ഇതിനിടയ്ക്കും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ചില അനുഭവങ്ങള്‍ വന്നുപോയി. പ്രസവിക്കാത്തത് എന്തോ കൊടിയ പാപമാണെന്ന് കരുതിയവര്‍ എന്നെ പലതരത്തിലും വേദനിപ്പിച്ചു. ഒരിക്കല്‍ ഒരു കുഞ്ഞിനെ കാണാന്‍ പോയിരുന്നു. ഞാന്‍ പോയതിന്റെ ദോഷം കൊണ്ട് ആ കുഞ്ഞിന് പനി വന്നു എന്ന് കുറേപേര്‍ പറഞ്ഞു. അതു വല്ലാതെ മനസു വേദനിപ്പിച്ചു. വീട്ടുകാരും കുടുംബക്കാര്‍ക്കും എന്റെ കാര്യത്തില്‍നല്ല വിഷമമുണ്ട്. അവരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നുമുണ്ട്. ഇതിനിടയ്ക്ക് നമ്മുടെ ചുറ്റമുള്ള ചിലര്‍ വീട്ടുകാര്‍ക്കില്ലാത്ത വിഷമവും ഉപദേശങ്ങളുമായി വരും അവരെയാണ് സൂക്ഷിക്കേണ്ടത്.

ചോദ്യങ്ങള്‍ചോദിക്കുന്നവരോട് ഒരിക്കല്‍കൂടി പറയട്ടേ… എന്റെയും എന്റെ ഭര്‍ത്താവിന്റെയും തെറ്റിന്റെയോ പ്രശ്‌നങ്ങളുടെയോ പേരിലാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് എന്ന കമന്റുകള്‍ വേണ്ട . ഇനി കുട്ടികള്‍ ഉണ്ടായില്ലെങ്കിലും ഒരു കുഴപ്പവുമില്ല. നാട്ടുകാരുടെ പറച്ചില്‍ കേട്ടിട്ടൊന്നും ഞങ്ങള്‍ തകരാന്‍ പോകുന്നില്ല. ഈ ഭൂമിയില്‍ ഉള്ള കാലത്തോളം പരസ്പരം പ്രണയിച്ചു… കുറേ കറങ്ങി… ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു… അടിപിടി ഉണ്ടാക്കി ജീവിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. അതില്‍ ആര്‍കെങ്കിലും വിരോധം ഉണ്ടെങ്കില്‍ ഉള്ളവര്‍ വല്ല കൊക്കയിലും ചാടി ചത്തോട്ടെ.- അസിമ തുറന്നു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker